KeralaLatest NewsLocal news

കഴിഞ്ഞ ഒക്ടോബറില്‍ അടിമാലി ലക്ഷംവീട് നഗറിലുണ്ടായ മണ്ണടിച്ചിലില്‍ ഇരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്.

അടിമാലി : കഴിഞ്ഞ ഒക്ടോബറില്‍ അടിമാലി ലക്ഷംവീട് നഗറിലുണ്ടായ മണ്ണടിച്ചിലില്‍ ഇരയായവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്. ദുരന്തബാധിതര്‍ക്ക് സഹായം ഉറപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായും, ജില്ലാ കളക്ടറുടെ അനുമതിയോടെ തുക തഹസില്‍ദാറുടെ ട്രഷറി അക്കൗണ്ടില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ദേവികുളം സബ്കളക്ടര്‍ ആര്യ വി.എം. അറിയിച്ചു. ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടപ്പെട്ട ഒന്‍പത് കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം ലഭിക്കും.

ഈ കുടുംബങ്ങളില്‍ നിന്നും സത്യവാങ്മൂലം കൈപ്പറ്റിയ ശേഷം തുക ഇവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുപുറമേ, മറ്റ് കുടുംബങ്ങള്‍ക്കുള്ള വാടകയിനത്തിലുള്ള തുകയും സര്‍ക്കാര്‍ അനുവദിച്ച 10,000 രൂപയുടെ അടിയന്തര ധനസഹായവും ട്രഷറി വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ ലഭ്യമാക്കും. നിലവില്‍ ഇതിനായുള്ള സാങ്കേതിക നടപടികള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് സബ്കളക്ടര്‍ വ്യക്തമാക്കി.

ലക്ഷംവീട് നഗര്‍ മണ്ണടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് നിലവില്‍ പുനരധിവാസം ആവശ്യപ്പെട്ട് സമരം തുടരുന്ന 17 കുടുംബങ്ങളുടെ വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും സബ്കളക്ടര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്ക് നല്‍കിയതുപോലെയുള്ള സഹായവും പരിഗണനയും ഈ കുടുംബങ്ങള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാരിലേക്ക് പ്രത്യേക ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

വിഷയം ജില്ലാ കളക്ടര്‍ വഴി റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി എന്നിവരെ ധരിപ്പിച്ചിട്ടുണ്ടെന്നും, പ്രാദേശിക എം.എല്‍.എ.യുടെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സബ്കളക്ടര്‍ പറഞ്ഞു. നിലവില്‍ ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണ്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ മറുപടി ലഭ്യമാകുന്ന മുറയ്ക്ക് ഈ 17 കുടുംബങ്ങള്‍ക്കുമുള്ള ആശ്വാസ ധനസഹായ പാക്കേജ് എന്താണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ആര്യ വി.എം. കൂട്ടിച്ചേര്‍ത്തു. അതേസമയം സമരം പത്താം ദിവസം പിന്നിട്ടതോടെ ദുരിത മുഖത്തുനിന്നും മാറി സമരം അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!