CrimeKeralaLatest NewsLocal news

റേഷന്‍ വിതരണ ക്രമക്കേട്: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഇടമലക്കുടി സന്ദര്‍ശിച്ചു

  • റേഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജിനു സക്കറിയ ഉമ്മന്‍

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്ക് പരിധിയിലുള്ള ഇടമലക്കുടിയില്‍ സംസ്ഥാന ഭക്ഷ്യചെയര്‍പേഴ്‌സണ്‍ ഡോ.ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയിലെ റേഷന്‍ കടകളില്‍ പരിശോധന നടത്തി. പ്രദേശത്തെ ഗുണഭോക്താക്കളെ നേരില്‍ കാണുന്നതിന് ഇടമലക്കുടിയിലെ വിവിധ ഉന്നതികളും സന്ദര്‍ശിച്ചു. ഇടമലക്കുടിയിലെ റേഷന്‍ വതരണം സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ റേഷന്‍ കടകളില്‍ അടിയന്തര പരിശോധനയും കുടികളില്‍ സന്ദര്‍ശനവും നടത്തിയത്. 

ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം നടത്തുന്ന ഗിരിജന്‍ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി ലൈസന്‍സിയായിട്ടുള്ള സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നീ റേഷന്‍ കടയ്ക്കതിരെ ഗുരുതരമായ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിതരണ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി 65 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കുറവ് കണ്ടത്തുകയും, ഇടുക്കി ജില്ലാ കളക്ടര്‍ തുടര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഉന്നതതല അന്വേഷണങ്ങളുടെ ഭാഗമായി സംസ്ഥാന ഭക്ഷ്യചെയര്‍പേഴ്‌സണ്‍ ഡോ.ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തില്‍, ഇടമലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളില്‍പരിശോധന നടത്തി. ഗുണഭോക്താക്കളെ നേരില്‍ കണ്ട് പരാതികള്‍ കേള്‍ക്കുന്നതിന് വിവിധ ഉന്നതികളും സന്ദര്‍ശിച്ചു.

ഇടമലക്കുടിയില്‍ റേഷന്‍ വിതരണം നടത്തുന്നത് ഗിരിജന്‍ സര്‍വീസ് സൊസൈറ്റി (നം.112) സെക്രട്ടറി അഖില്‍ ജോസ് ലൈസന്‍സിയായ സൊസൈറ്റിക്കുടി (എഫ്പിഎസ്125) വെള്ളവരകുടി (എഫ്പിഎസ് 148) എന്നീ റേഷന്‍ കടകളില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയ സൊസൈറ്റിക്കുടിയില റേഷന്‍ കടയില്‍ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യധാന്യം കടയില്‍ എത്തിയതിന്റെയോ,അത് ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്തിയതിന്റെയോ രേഖകള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല ഒരു റേഷന്‍ കടയില്‍ ഉണ്ടായിരിക്കേണ്ടതും എഴുതി സൂക്ഷിക്കേണ്ടതുമായ ഒരു രജിസ്റ്ററുകളും ഉണ്ടായിരുന്നില്ല. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കട പ്രവര്‍ത്തിച്ചു വരുന്നത് എന്ന് കമ്മീഷന് കാണാന്‍ കഴിഞ്ഞു.

സൊസൈറ്റികുടി, ഇഡലിപാറകുടി, കവക്കാട്ടുകുടി, മീന്‍ കുത്തിക്കുടി, ഇരുപ്പ്കല്ല് കുടി, വെള്ളവരകുടി, എന്നീ ഉന്നതികളിലെ വിവിധ ഗുണഭോക്താക്കള്‍ ജനപ്രതിനിധികള്‍, ഊരുമൂപ്പന്‍മാര്‍ എന്നിവരോടെല്ലാം കമ്മീഷന്‍ ആശയവിനിമയം നടത്തി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉള്‍പ്രദേശങ്ങളില്‍ നിന്നും മൂന്നു നാലു കിലോ മീറ്റര്‍ കാല്‍നടയായി വരുമ്പോള്‍ പലപ്പോഴും, റേഷന്‍ കടയില്‍ ഭക്ഷ്യ ധാന്യം സ്റ്റോക്ക് ഇല്ല എന്നും, സ്റ്റോക്ക് വരുമ്പോള്‍ വാങ്ങാനായി ടോക്കണ്‍ നല്‍കി മടക്കി അയക്കുകയും, പിന്നീട് അതുമായി വരുമ്പോള്‍ അതിന്റ കാലാവധി കഴിഞ്ഞു എന്ന കാരണത്താല്‍ ഭക്ഷ്യ ധാന്യം നല്‍കാറില്ല എന്നും ഗുണഭോക്താക്കള്‍ കമ്മീഷന്‍ മുമ്പാകെ പരാതിപ്പെട്ടു. ഇത്തരത്തില്‍ ടോക്കണ്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് കമ്മീഷന്‍ അറിയിച്ചു.

കമ്മീഷന്‍ വെള്ളാരക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ ഡിപ്പോ(എഫ്പിഎസ് 148) പരിശോധിച്ച് പ്രവര്‍ത്തനം വിലയിരുത്തി. വളരെ ശോച്യമായ കെട്ടിടത്തിലാണ് റേഷന്‍ കട പ്രവര്‍ത്തിക്കുന്നത് എന്ന് കാണാന്‍ കഴിഞ്ഞു. റേഷന്‍ വിതരണത്തില്‍ ഗുരുതര കൃത്യവിലോപം നടത്തിയ ഇടമലക്കുടിയിലെ റേഷന്‍ കടകളുടെ ലൈസന്‍സിയായ ഗിരിജന്‍ സര്‍വീസ് സൊസൈറ്റിയുടെ നിലവിലെസെക്രട്ടറിയായ അഖില്‍ ജോസിനെതിരെ യഥാസമയം നടപടി സ്വീകരിക്കുന്നതില്‍ 

പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍, ഫര്‍ക്ക റേഷനിങ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതയും കമ്മീഷനു പ്രഥമധൃഷ്ട്യ ബോധ്യപ്പെടുകയുണ്ടായി.

 ഇടമലക്കുടിയിലെ ഗോത്ര വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യ ധാന്യം ലഭിക്കാത്ത സാഹചര്യത്തിനു ഉത്തരവാദിയായ റേഷന്‍ കട ലൈസന്‍സി ഗിരിജന്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി അഖില്‍ ജോസിനെതിരെയും,ഉത്തരവാദികളായ മറ്റുള്ളവര്‍ക്കെതിരെയും അവശ്യ സാധന നിയമം, ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബിഎന്‍എസ്എസ്) 2023 എന്നിവ പ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിതിന് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശ നല്‍കുന്നതാണ്.

ഇടമലക്കുടിയിലെ റേഷന്‍ വിതരണം നടത്തുന്നതില്‍ വീഴ്ചവരുത്തിയ ഇടുക്കി ജില്ലയിലെ പൊതുവിതരണ വകുപ്പിലെ 2026 ഫെബ്രുവരി മുതല്‍ ചുമതലയുണ്ടായിരിന്നബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും, പ്രത്യേകിച്ച് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ചയ്‌നാഥ്.ആര്‍,റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍ മാരായ ജയകുമാര്‍, ജെമി ജോസ്എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.

പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ നേരിട്ട് ഇടപെട്ടുകൊണ്ട് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും,അവിടെ റേഷന്‍ വിതരണം ഒരു സാഹചര്യത്തിലും മുടങ്ങാതിരിക്കാന്നുള്ള അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ യഥാസമയം ഭക്ഷ്യ കമ്മീഷനെ അറിയിക്കുവാനും പൊതുവിതരണ വകുപ്പിന് നിര്‍ദേശം നല്‍കി. ഇടമലക്കുടിയിലെ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കടയുടെ സാദ്ധ്യത പരിശോധിച്ച് അത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുവാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു

ദേവികുളം തഹസില്‍ദാര്‍ ജെ. ജയകൃഷ്ണന്‍, മൂന്നാര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍, ജിപ്‌സണ്‍ മാത്യു, അസിസറ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീഷ് പി.ആര്‍,

ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍ അനീഷ് എം.വി, ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസര്‍ റോയ് തോമസ്, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജീവ്‌നാഥ്, മൂന്നാര്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ ഗിരീഷ്, കമ്മീഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ അമ്പിളി, റേഷനിങ് ഇന്‍സ്പെക്ടര്‍ മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!