പാചകവാതക ക്ഷാമത്താല്‍ വലഞ്ഞ് ജനം; സിലിണ്ടറിനായി പൊരിവെയിലില്‍ ക്യൂ നിന്നാളുകള്‍, പ്രതിഷേധം

അടിമാലി: അടിമാലി ചാറ്റുപാറക്ക് സമീപം ദേശിയപാതയോരത്താണ് ഇന്ത്യന്‍ ജി വി ഗ്യാസ് ഏജന്‍സീസിന് പ്രവര്‍ത്തിച്ച് വരുന്നത്. യുദ്ധ സാഹചര്യത്താല്‍ ഉണ്ടായ പാചക വാതക ക്ഷാമം ആളുകളെ എത്രത്തോളം വലക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായി ഗ്യാസ് ഏജന്‍സിക്ക് മുമ്പിലെ ഇന്നത്തെ കാഴ്ച്ചകള്‍. രാവിലെ എട്ടര മുതല്‍ ആളുകള്‍ ഗ്യാസ് ഏജന്‍സിക്ക് മുമ്പില്‍ ക്യൂ നിന്ന് തുടങ്ങി.പ്രായമായവരും രോഗികളും സ്ത്രീകളുമടക്കം ക്യൂവിലുണ്ടായിരുന്നു.ഗ്യാസ് സിലിണ്ടറിനായി എത്തിയവരുടെ ക്യൂ, സമയം പിന്നിട്ടതോടെ ഏജന്‍സിയുടെ കോമ്പൗണ്ടും കടന്ന് ദേശിയപാതയിലൂടെ നീണ്ടു. സമയം ഉച്ചയോട് അടുത്തതോടെ ചൂടേറി.കാത്തിരിപ്പ് നീണ്ടതോടെ ആളുകളില്‍ പ്രതിഷേധവുമുയര്‍ന്നു.
ഏജന്‍സിയില്‍ നിന്ന് റൂട്ട് സര്‍വ്വീസാരംഭിക്കണമെന്നും ഏജന്‍സിയില്‍ സിലിണ്ടറിനായി എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഒരുക്കണമെന്നുമായിരുന്നു ആളുകളുടെ ആവശ്യം. ക്യൂ നില്‍ക്കുന്ന ആളുകളുടെ എണ്ണവും പ്രതിഷേധവും ഏറിയതോടെ പോലീസും പൊതുപ്രവത്തകരും ഇടപെട്ട് ടോക്കണ്‍ സൗകര്യമൊരുക്കി. കുട ചൂടി നിന്നിട്ട് പോലും ആളുകള്‍ പൊരിവെയിലില്‍ വെന്തുരുകി. പാചക വാതക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടത്തോടെ ഏജന്‍സി ഓഫീസിലേക്ക് എത്തുന്നത് ഒഴിവാക്കി ദിവസവും വിതരണം ചെയ്യുവാന്‍ കഴിയുന്ന സിലിണ്ടറുകള്‍ കണക്കാക്കി വിതരണം ക്രമീകരിക്കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യമുയരുന്നു



