
സ്വർണവില കേരളത്തിൽ ഇന്നും വർധിച്ചു. ഗ്രാമിന് 30 രൂപ ഉയർന്ന് 13,975 രൂപയിലെത്തി. 240 രൂപ വർധിച്ച് 1,11,800 രൂപയാണ് പവൻ വില. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഇറാൻ-യുഎസ് സമാധാന കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വില ഉയർന്നതോടെയാണ് കേരളത്തിലും മാറ്റം. സംഘർഷത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ ഇടിഞ്ഞിരുന്നു. ഇതോടെ ഡോളറും ദുർബലമായി. ഇതോടെ സ്വർണവില ഉയരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ 14 ഡോളർ വർധിച്ച് ഔൺസിന് 4,697 ഡോളറാണ് ഇപ്പോൾ വില. സമാധാനശ്രമം മെച്ചപ്പെട്ടാൽ വില ഇനിയും കൂടാനാണ് സാധ്യത.



