KeralaLatest NewsLocal news

വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കു പ്രവേശിക്കാൻ ഇനി ഫീസ് നൽകണം. .

മൂന്നാർ ::വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കു പ്രവേശിക്കാൻ ഇനി ഫീസ് നൽകണം. മൂന്നാർ സന്ദർശനത്തിനായി എത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന പീസ് ഈടാക്കാനുള്ള തീരുമാനം ബുധനാഴ്ച ചേർന്ന മൂന്നാർ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. ഇതിന്റെ തുടർനടപടികൾക്കായി പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാർ, സെക്രട്ടറി എന്നിവരെ യോഗം നിയോഗിച്ചു. ഓഗസ്റ്റോടെ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ, സാമുദായിക സംഘടന നേതാക്കന്മാർ, കലക്ടർ എന്നിവരുമായി ചർച്ച നടത്തിയ ശേഷം വാഹനങ്ങൾക്ക് ചുമത്തേണ്ട നിരക്ക് തീരുമാനിക്കും.
മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിൽ ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിച്ചു വാഹനങ്ങളിൽനിന്നു പ്രവേശനഫീസ് പിരിക്കാനാണ് നീക്കം. മൂന്നാറിലെത്തുന്നവർ പല സ്ഥലങ്ങളിലും വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്നും ഇവ ശേഖരിക്കുന്നവരുടെ വേതനം മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്നതിനുള്ള ചിലവ് എന്നിവ കണ്ടെത്തുന്നതിനായാണ് ഫീസ് ഈടാക്കുന്നതെന്നാണ് പഞ്ചായത്തിൻ്റെ വിശദീകരണം.

പഴയ മൂന്നാർ, പൊലീസ് സ്റ്റേഷനു സമീപം, പെരിയവര കവല എന്നിവിടങ്ങളിലായിരിക്കും ചെക്പോസ്റ്റുകൾ. ഫീസ് വാങ്ങുന്നതിനൊപ്പം മാലിന്യം വലിച്ചെറിയാതെ ശേഖരിച്ചുവയ്ക്കുന്നതിനു സഞ്ചികളും നൽകും. തരംതിരിച്ച മാലിന്യം മടക്കയാത്രയിൽ ചെക്പോസ്റ്റിൽ കൈമാറാം. വാഹനങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക. ദിവസവും ശരാശരി 1500 മുതൽ 2500 വരെ വാഹനങ്ങൾ മൂന്നാറിലെത്തുന്നുണ്ടെന്നാണ് കണക്ക്.
സീസണിൽ ഇത് 5000 വരെയാകും. കോവിൽക്കടവിനു സമീപം ചെക്പോസ്‌റ്റ് സ്ഥാപിച്ച് കാന്തല്ലൂർ പഞ്ചായത്ത് ഇപ്പോൾത്തന്നെ പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. ചെറിയ വാഹനങ്ങൾക്ക് 30 രൂപ. വലിയ വാഹനങ്ങൾക്ക് 100 രൂപ എന്നതാണ് നിരക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!