KeralaLatest News

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത തരത്തിലുള്ള അതിവേഗ ഇടനാഴിക്കായി പഠനം നടത്തുകയാണ്. കൃത്യമായ ഡിപിആര്‍ പോലുമില്ലാത്ത പദ്ധതിയായിരുന്നു സില്‍വര്‍ ലൈന്‍. നടപ്പാക്കിയിരുന്നെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായേനേ – മുഖ്യമന്ത്രി പറഞ്ഞു.

2026 ഓഗസ്റ്റ് 31ന് അകം കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കുന്നതിന് പിഎസ്‌സിക്ക് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും, എന്നാല്‍ തിരഞ്ഞെടുപ്പും മറ്റുമായി ബന്ധപ്പെട്ട് ആ സമയത്ത് ഒരുതരത്തിലുള്ള നിയമനങ്ങളും നടന്നിട്ടില്ലെന്നും ഇത് പല പട്ടികള്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗാര്‍ഥികളുടെ വികാരം മാനിച്ചുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം, വിവിധ വകുപ്പുകള്‍ക്കായി തിരിച്ച് ആ വകുപ്പുകള്‍ ഈ മാനിഫെസ്റ്റോ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൊടുത്തിട്ടുണ്ട്. വിഷന്‍ 2031 എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ജൂണ്‍ ഒന്നാം തിയതി മുതല്‍ 100 ദിവസക്കാലം ഏറ്റവും അത്യാവശ്യമായി ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള കര്‍മ പദ്ധതി നിലവില്‍ വരും – മുഖ്യമന്ത്രി പറഞ്ഞു.

പത്മ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യുന്നതിന് വേണ്ടിയുള്ള സബ്കമ്മിറ്റി രൂപീകരിക്കും. ഹൈക്കോടതിയിലെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!