EntertainmentMovie

ജോര്‍ജുകുട്ടി ഇനിയെന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് പിടുത്തമില്ലാതെ പ്രേക്ഷകര്‍; ദൃശ്യം 3 ഇന്ന് മുതല്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ദൃശ്യം-3-യിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തീയേറ്ററുകളിലെത്തുകയാണ്. ആദ്യ ചിത്രമിറങ്ങി 13 വര്‍ഷത്തിനുശേഷമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുന്നത്. ഒരു സാധാരണ കുടുംബനാഥന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പരമ്പര, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാന്‍-ഇന്ത്യന്‍ പ്രതിഭാസമാണ്. 2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റര്‍ വിപ്ലവമാണ് സൃഷ്ടിച്ചത്.

കേവലം നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള, സിനിമകളെ പ്രാണനായി കാണുന്ന ജോര്‍ജുകുട്ടി എന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍, അബദ്ധത്തില്‍ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിന്റെ കണ്ണില്‍ പെടാതെ രക്ഷിക്കാന്‍ മെനയുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം എന്ന റെക്കോര്‍ഡ് ദൃശ്യം സ്വന്തമാക്കി.

ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിന് ശേഷം 8 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ‘ദൃശ്യം 2’ എത്തിയത്. പുതിയ തെളിവുകളോടെ പോലീസ് കേസ് വീണ്ടും തുറക്കുകയും ജോര്‍ജുകുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ജോര്‍ജുകുട്ടി വീണ്ടും നിയമത്തെ തോല്‍പ്പിച്ചു. ഭയത്തിന്റെ നിഴലില്‍ സഞ്ചരിക്കുന്ന ജോര്‍ജ് കുട്ടിയുടെ ജീവിതമാണ് ദൃശ്യം-3.

മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ അനില്‍ എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജോര്‍ജുകുട്ടി ഇത്തവണ നിയമത്തിന് മുന്നില്‍ കീഴടങ്ങുമോ അതോ അദൃശ്യനായ ശത്രുവിനെ തോല്‍പ്പിക്കുമോ എന്നറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!