KeralaLatest NewsLocal news

ചെക്ക് ഡാമില്‍ നിറഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്തു തുടങ്ങി

അടിമാലി: വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ചെക്ക് ഡാമില്‍ നിറഞ്ഞ് കിടക്കുന്ന ചെളിയും മണലും നീക്കം ചെയ്തു തുടങ്ങി. വെള്ളത്തൂവല്‍ പാലത്തിന് താഴെ മുതിരപുഴ ആറിന് കുറുകെയാണ് വൈദ്യുതി ബോര്‍ഡിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്. ചെങ്കുളം പവര്‍ഹൗസില്‍ നിന്നും ഉത്പാദനശേഷം പുറത്തു വിടുന്ന ജലവും മുതിരപ്പുഴയാറ്റിലെ ജലവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചെക്ക് ഡാം നിര്‍മ്മിച്ചത്.

എന്നാല്‍ 2018ലെ പ്രളയത്തെ തുടര്‍ന്ന് ചെക്ക് ഡാമില്‍ മണലും ചെളിയും വന്ന് നിറഞ്ഞു. ഇതോടെ ചെക്ക് ഡാമിന്റെ നിര്‍മ്മാണം കൊണ്ടുള്ള ലക്ഷ്യം താളം തെറ്റി. ചെക്ക് ഡാമില്‍ നിന്നും മണലും ചെളിയും നീക്കണമെന്നും സംഭരണശേഷി തിരികെ പിടിക്കണമെന്നുമുള്ള ആവശ്യം കാലങ്ങളായി നില്‍നില്‍ക്കുകയായിരുന്നു. ആവശ്യങ്ങള്‍ക്കൊടുവിലാണിപ്പോള്‍ ചെക്ക് ഡാമില്‍ നിന്നും ചെളിയും മണലും നീക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

അതേ സമയം കരയിലെത്തിക്കുന്ന മണല്‍ ലോഡ് ചെയ്തു പോകുന്നതിന് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി തൊഴിലാളികള്‍ക്ക് വരുമാന ലഭ്യത ഉറപ്പു വരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. യന്ത്രസഹായത്താലാണിപ്പോള്‍ ചെക്ക് ഡാമില്‍ അടിഞ്ഞിട്ടുള്ള മണല്‍ കരയിലെത്തിക്കുന്നത്. ചെക്ക് ഡാമിനോട് ചേര്‍ന്ന പ്രദേശത്ത് വലിയ തോതില്‍ മണല്‍ കൂട്ടിയിടുകയാണിപ്പോള്‍ ചെയ്യുന്നത്.ഈ മേഖലയില്‍ വിവിധ യൂണിയനുകളിലായി മണല്‍ സംബന്ധമായ തൊഴില്‍ ചെയ്തു വന്നിരുന്ന നിരവധി തൊഴിലാളികള്‍ ഉണ്ട്.

ഇവര്‍ കഴിഞ്ഞ കുറക്കാലങ്ങളായി തൊഴില്‍ ഇല്ലാതെ പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തിലാണ് കരയിലെത്തിക്കുന്ന മണല്‍ ലോഡ് ചെയതു പോകുന്നതിനായി ഈ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ചെക്ക് ഡാമില്‍ നിന്നും ചെളിയും മണലും നീക്കം ചെയ്യപ്പെടുന്നതോടെ ഈ പദ്ധതിക്ക് വീണ്ടും പുതു ജീവന്‍ വയ്ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!