KeralaLatest NewsLocal news

ജല ജീവന്‍ മിഷന്‍ പദ്ധതി: ജില്ലയില്‍ 38,000 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തീകരിച്ചു

ഇടുക്കി : ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ 37,772 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍  പൂര്‍ത്തീകരിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. വാട്ടര്‍ അതോറിറ്റി തൊടുപുഴ ഡിവിഷനില്‍ 12,950 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ പൂര്‍ത്തിയാക്കി. ബാക്കി കണക്ഷനുകളുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. പൈനാവ് ഡിവിഷനില്‍ 6761 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ പൂര്‍ത്തികരിച്ചു. കട്ടപ്പന പ്രോജക്ട് ഡിവിഷന്റെ കീഴില്‍ 13,974 ഗാര്‍ഹിക കുടിവെള്ള പൈപ്പ് കണക്ഷനുകള്‍ പൂര്‍ത്തിയാക്കി. കട്ടപ്പന ഡിവിഷന്റെ പരിധിയില്‍ 22 ജല ശുദ്ധീകരണ ശാലകളാണ് അനുവദിച്ചത്. ഇതില്‍ മൂന്നെണ്ണം നിര്‍മ്മാണം പൂര്‍ത്തിയായി. ആറെണ്ണത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 13 എണ്ണം ടെണ്ടര്‍ നടപടികളിലാണ്.

ജില്ലയില്‍ ജലനിധിയില്‍ ഉള്‍പ്പെടുത്തി 3602 കുടിവെള്ള കണക്ഷനുകളും, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന 485 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളും നല്‍കി.

ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ജല ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടുന്നതിന് പൊളിച്ച റോഡുകള്‍ അടിയന്തരമായി പുനര്‍നിര്‍മ്മിക്കാന്‍ എഡിഎം ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

എഡിഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ മോഹന്‍ നായര്‍, വാട്ടര്‍ അതോറിറ്റി തൊടുപുഴ പി.എച്ച് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ടി.എന്‍ സജി, കട്ടപ്പന പ്രോജക്ട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ സുധീര്‍ എം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!