EntertainmentKeralaLatest News

സലിം കുമാര്‍ ഇനി ചിരിയോര്‍മ്മ; സംസ്‌കാരം വൈകീട്ട് പറവൂരില്‍; ഉച്ചവരെ പൊതുദര്‍ശനം

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും
പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നു അന്ത്യം

മലയാള സിനിമയിലെ സലീംകുമാറെന്ന ഒരു കാലഘട്ടം വിടപറയുകയാണ്. ദേശീയ അന്തർ ദേശീയ വേദികളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ കലാകാരൻ, മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ചു തീർത്ത മുപ്പതാണ്ടിന്റെ പേരാണ് സലീം കുമാർ. അങ്ങനെ എന്തിനോ വേണ്ടി തിളച്ചൊരു കഥയല്ല. പതറി തുടങ്ങിയ ഹാസ്യനടനിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്ക്. മിമിക്രിയിൽ തുടങ്ങി നടനായും സംവിധായകാനായും മലയാള സിനിമയിൽ പടർന്നു പന്തലിച്ച വടക്കൻ പറവൂരുകാരൻ സലീം കുമാറിന്റെ കഥ.

തലമുറ മാറ്റമില്ലാതെ മലയാളിയെ ചിരിപ്പിച്ച മണവാളൻ, നായകനേക്കാൾ കയ്യടി വാങ്ങിയ കണ്ണൻ സ്രാങ്ക്, കല്യാണ വീടുകളിലെ പ്യാരി. അങ്ങനെ ഷാഫി – സലീംകുമാർ കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകൾ. നിരാശ, സന്തോഷം, വീരസ്യം എല്ലാത്തിലും ഉൾചേർന്ന നർമ്മം, മഹാരാജാസ് കോളേജാണ് സലീം കുമാറിലെ മിമിക്രി കലാകാരനെ വളർത്തിയത്.കൊച്ചിൻ കലാഭവനിലൂടെ വേദികളിൽ നിന്ന് വേദികളിലേക്ക് ആ ശബ്ധാനുകരണവും തമാശകളും പടർന്നു. കൊച്ചിൻ സാഗറും ഏഷ്യാനെറ്റിലെ കോമിക്കോളയും വഴിത്തിരിവുകളായി.

ഇഷ്ടമാണ് നൂറു വട്ടത്തിലൂടെ വെളളിത്തിരയിലേക്കുളള ചുവട്‍വെയ്പ്പ്. ‘നീ വരുവോളം’ എന്ന സിനിമയിൽ അഭിനയിച്ചങ്കിലും തഴയപ്പെട്ടു. അവസരങ്ങൾക്കും കിതപ്പിനുമിടയിൽ സലീം കുമാർ വീണ്ടും വേഷമണിഞ്ഞു. പലതവണ. തൊണ്ണൂറുകളിലെ ചെറുവേഷങ്ങളിൽ നിന്ന് 2000 ത്തിലെ തിരക്കേറിയ ഹാസ്യനടനിലേക്കുളള വളർച്ച. തെങ്കാശിപട്ടണത്തിലെ മുത്തുരാമനും സൂത്രധാരനിലെ ട്രാൻസ് കഥാപാത്രം ലീലകൃഷ്ണനുമെല്ലാം പരീക്ഷണവും വിജയവുമായി. ദിലീപിനും ജയറാമിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർത്ത് സലീം കുമാർ തിയറ്ററുകളിൽ നിറഞ്ഞാടി.

ഹാസ്യ വേഷങ്ങളിൽ ഹിറ്റുകൾ തീർത്തൊരു കാലത്ത് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലായുളള പകർന്നാട്ടം. അങ്ങനെ മികച്ച സഹനടനുളള സർക്കാർ പുരസ്കാരം. നാലു വർഷത്തിനു ശേഷം ‘ആദമിന്റെ മകൻ അബു’ സലീം കുമാറിനെ തേടിയെത്തി. പ്രതിഫലം ഒന്നും വാങ്ങാതെ സലീം കുമാർ അബുവായി ജീവിച്ചു. മികച്ച നടനുളള സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ.ഓസ്കാറിലേക്കുളള രാജ്യത്തിന്റെ നാമനിർദേശം, നന്മയും പ്രതീക്ഷയും ദൈന്യതയുമെല്ലാം മിന്നിമറഞ്ഞ അബുവിനോളം പോന്നൊരു കഥാപാത്രം സലീം കുമാറെന്ന പ്രതിഭയ്ക്കും അനിവാര്യമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!