KeralaLatest NewsLocal news

ബജറ്റ് ; ഇടുക്കിയുടെ സാമ്പത്തിക വിപ്ലവം

അടിമാലി: മലയോര ജനതയ്ക്ക് ചരിത്രപരമായ ആശ്വാസമേകി വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം. യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ‘മലയോര കർഷക ക്ഷേമം’ മുൻനിർത്തി, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ കരിനിയമങ്ങൾക്കും ഭൂപ്രശ്നങ്ങൾക്കും അറുതി വരുത്താനുള്ള നിർണായക നിർദ്ദേശങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മലയോരത്തെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ഒരു പൊതു ബജറ്റിന്റെ ഭാഗമാകുന്നത്. കാലഹരണപ്പെട്ട ഭൂപതിവ് നിയമ ഭേദഗതിയും, വന്യമൃഗ ശല്യത്തിനുള്ള പരിഹാരങ്ങളും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളെ മലയോര ജനത ഒന്നടങ്കം നെഞ്ചേറ്റിക്കഴിഞ്ഞു.

കുടിയേറ്റ കാലം മുതൽ മലയോര ജനത ഉന്നയിക്കുന്ന ഏറ്റവും വലിയ ആവശ്യത്തിനാണ് ഈ ബജറ്റിലൂടെ ഒടുവിൽ പരിഹാരമാകുന്നത്. പട്ടയഭൂമിയിലെ നിർമാണങ്ങൾ ഉപാധിരഹിതമായി ക്രമവൽക്കരിച്ചു നൽകാനുള്ള ബജറ്റ് നിർദ്ദേശം, സംസ്ഥാനത്തെ ഭൂപതിവ് നിയമത്തിൽ സമൂലമായ ഭേദഗതിക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന കർഷകദ്രോഹപരമായ ഭൂപതിവ് നിയമ ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള പുതിയ നിയമനിർമാണത്തിനാണ് നിലവിൽ സാധ്യത തെളിയുന്നത്.

ഇതിനൊപ്പം നഷ്ടത്തിലായ ഏകവിള തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കുമെന്നും, ഫാം ടൂറിസം അടക്കമുള്ളവയ്ക്ക് അനുമതി നൽകുമെന്നുമുള്ള പ്രഖ്യാപനം ഇടുക്കിയുടെ കാർഷിക മേഖലയ്ക്ക് പുതിയ ഉണർവേകും.ജില്ലയിലാകെ അരലക്ഷത്തോളം കുടുംബങ്ങളാണ് ഇനിയും പട്ടയത്തിനായി കാത്തിരിക്കുന്നത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ വിതരണത്തിന് 2024 ജനുവരി 10-നാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഡ്വക്കറ്റ് ജനറൽ നേരിട്ട് ഹാജരായി നൽകിയ പുനഃപരിശോധനാ ഹർജിയെ തുടർന്ന് ഫെബ്രുവരി 23-ന് കോടതി സ്റ്റേ നീക്കിയിരുന്നു. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെ മുൻ സർക്കാർ ധൃതിപിടിച്ചു നടത്തിയ പട്ടയമേള വീണ്ടും കോടതി വിലക്കിലേക്ക് നയിക്കുകയായിരുന്നു. സിഎച്ച്ആർ വന മേഖലയിലെ പ്രതിസന്ധികാർഡമം ഹിൽ റിസർവ് മേഖല വനമാണെന്നും ഇവിടുത്തെ പട്ടയങ്ങൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന നൽകിയ ഹർജിയിൽ 2024 ഒക്ടോബർ 24-നാണ് സുപ്രീംകോടതി പട്ടയ വിതരണം വിലക്കിയത്.

2009-ൽ ഇവിടുത്തെ 20,300 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ മുൻ സർക്കാർ അഭിഭാഷകൻ പരാജയപ്പെട്ടതാണ് ഈ തിരിച്ചടിക്ക് കാരണം. എന്നാൽ ഈ കേസിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് വിലക്ക് നീക്കുമെന്ന പുതിയ സർക്കാരിന്റെ പ്രഖ്യാപനം കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ബജറ്റ് പ്രഖ്യാപനങ്ങളെ ഇടുക്കിയുടെ ‘സാമ്പത്തിക വിപ്ലവം’ എന്നാണ് കർഷക കൂട്ടായ്മകൾ വിശേഷിപ്പിക്കുന്നത്. വർഷങ്ങളായി തങ്ങളെ വേട്ടയാടിയിരുന്ന ഭീതികളിൽ നിന്നും മാറി, സ്വന്തം മണ്ണിൽ സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യം ഈ ബജറ്റിലൂടെ കൈവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് മലയോര ജനത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!