CrimeKeralaLatest NewsLocal news

ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീപ്പിലിരുത്തി കൊക്കയിൽ തള്ളി, സഹോദരങ്ങളടക്കം പിടിയിൽ

രാജാക്കാട് : ഉടുമ്പൻചോലയിൽ അതിക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമം. സ്വന്തം ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം, അയാൾ സഞ്ചരിച്ച ജീപ്പിൻ്റെ പിൻസീറ്റിലിരുത്തി വാഹനം കൊക്കയിലേക്ക് തള്ളിവിട്ട് അപകടമരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ ഉടുമ്പൻചോല പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉടുമ്പൻചോല സ്വദേശിയായ മണികണ്‌ഠനാണ് ഗുരുതരമായി പരിക്കേറ്റത്.

കുടുംബപരമായ തർക്കങ്ങളെ തുടർന്ന് നടന്ന ക്രൂരമായ ആക്രമണമായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് മണികണ്‌ഠൻ്റെ സഹോദരങ്ങളും ബന്ധുക്കളുമായ മൂന്നുപേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മഹേഷ്, അശ്വിൻ, നിതീഷ് കുമാർ എന്നിവരാണ് അറസ്‌റ്റിലായത്.

ഇന്ന് പുലർച്ചെയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. ഉടുമ്പൻചോലയ്ക്ക് സമീപമുള്ള ഒട്ടോത്തിയിൽ നിന്നുമാണ് മണികണ്‌ഠനെ പ്രതികൾ തന്ത്രപൂർവ്വം മാൻകുത്തിമേട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവിടെയെത്തിയ മണികണ്‌ഠനെ മൂന്നുപേരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചാണ് മണികഠനെ ഇവർ ആക്രമിച്ചത്.

ഇടതു കൈക്ക് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്നു വീണ മണികണ്‌ഠനെ ഇയാൾ സഞ്ചരിച്ചിരുന്ന ജീപ്പിൻ്റെ പുറകിലെ സീറ്റിലേക്ക് എടുത്ത്‌ ഇട്ടു. തുടർന്ന് ജീപ്പുമായി ഇവർ തേവാരംമെട്ടിന് സമീപമുള്ള വലിയ ഇറക്കത്തിലേക്ക് പോയി. അവിടെവെച്ച് ജീപ്പിൻ്റെ ഗിയർ ന്യൂട്രൽ ആക്കിയ ശേഷം വാഹനം കൊക്കയിലേക്ക് ലക്ഷ്യമാക്കി തള്ളിവിടുകയായിരുന്നു. വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മണികണ്‌ഠൻ അപകടത്തിൽ മരിച്ചു എന്ന് വരുത്തിതീർക്കാനായിരുന്നു ഈ ആസൂത്രണം.

പ്രതികൾ ജീപ്പ് തള്ളിവിട്ടെങ്കിലും വിധി മറ്റൊന്നായിരുന്നു. കൊക്കയിലേക്ക് പതിക്കുന്നതിന് തൊട്ടുമുൻപ് വാഹനം സമീപത്തുണ്ടായിരുന്ന ഒരു വലിയ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് റോഡരികിലെ മരത്തിൽ ജീപ്പ് ഇടിച്ചു തകർന്ന നിലയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ ഉടൻ തന്നെ ഉടുമ്പൻചോല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഉടുമ്പൻചോല പൊലീസ് സംഭവസ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ജീപ്പിൻ്റെ പിൻസീറ്റിൽ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിൽ മണികണ്‌ഠനെ കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വെറുമൊരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകശ്രമമാണെന്നും വെളിപ്പെടുന്നത്.

ഗുരുതരമായി പരിക്കേറ്റ മണികണ്‌ഠനെ പൊലീസ് ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപതിയിലും, തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഇടത് കൈയിലെ മുറിവുകൾ ആഴത്തിലുള്ളതായതിനാലും ആന്തരിക പരിക്കുകൾ ഉള്ളതിനാലും വിദഗ്‌ധ ചികിത്സയ്ക്കായി ഇയാളെ പിന്നീട് തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബപരമായ തർക്കങ്ങളാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആക്രമണത്തിൻ്റെ യഥാർത്ഥ കാരണം ഇനിയും പൂർണമായി വ്യക്തമായിട്ടില്ല. അറസ്‌റ്റിലായ പ്രതികളെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്‌തു വരികയാണ്. കേസിൽ കൂടുതൽ തെളിവെടുപ്പ് വരും ദിവസങ്ങളിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!