അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണംലഹരിക്ക് അടിമപ്പെട്ടവരെ തിരിച്ചുപിടിക്കുക ലക്ഷ്യം: ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്

ലഹരിക്ക് അടിമകളായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ലഹരിയുടെ വിപത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള വലിയ തുടക്കമാണ് ഓപ്പറേഷന്‍ തൂഫാന്‍.
പദ്ധതിയിലൂടെ ലഹരിയുടെ ഉപഭോക്താക്കളെയും വിപണനം നടത്തുന്നവരെയും പിടികൂടും. അന്താരാഷ്ട്ര ലഹരി മാഫിയയുടെ കരങ്ങളിലേക്ക് നമ്മുടെ യുവാക്കളെ വിട്ടുകൊടുക്കില്ല. യുവാക്കളുടെ പ്രതിഭ ഈ സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണം. ലഹരിക്ക് അടിമപ്പെട്ട് ജീവിതം നരകതുല്യമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ കൂട്ടായ്മയായ ആല്‍ക്കഹോളിക്സ് അനോണിമസ് പോലെ നര്‍ക്കോട്ടിക്‌സ് അനോണിമസ് കൂട്ടായ്മ ജില്ലാതലത്തില്‍ ആരംഭിക്കണം. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര മന്ത്രി വലിയ അംഗീകാരമാണ് നല്‍കിയത്. കേരളം തുടങ്ങിവെച്ച തൂഫാന്‍ പദ്ധതി രാജ്യമെങ്ങും വ്യാപകമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ സന്തോഷവും ആരോഗ്യവും നിറയ്ക്കാന്‍ ലഹരിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത നടന്‍ ആസിഫ് അലി പറഞ്ഞു. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുമ്പോഴുള്ള സന്തോഷമാകണം ഏറ്റവും വലിയ ലഹരി. സിനിമ നിരവധി പേരെ വഴിതെറ്റിക്കുന്നുണ്ട്. സിനിമയ്ക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ സമൂഹത്തില്‍ കാണുന്ന കാര്യങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ലഹരിയുടെ ഉപയോഗം ഉള്‍ക്കൊള്ളിച്ച ഹണീ ബീ, യും കിളി പോയി പോലുള്ള സിനിമകള്‍ ഇനി ചെയ്യാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിയോട് യുവതലമുറ നോ പറയണം. ചെറിയ രീതിയില്‍ തുടങ്ങുന്ന ലഹരിയുടെ ഉപയോഗം പിന്നീട് വലിയ ലഹരി ഉപയോഗമായി മാറും. മികച്ച ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് ലഹരിയോട് നോ പറയണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും പോകുമ്പോള്‍ സ്വന്തം ജീവരക്തം തന്നെയാണ് നാം കുടിക്കുന്നതെന്ന് തിരിച്ചറിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ മദ്യവും മയക്കുമരുന്നും പോലെ പലതും നിങ്ങളെ മോഹിപ്പിച്ചേക്കാം. പക്ഷേ അവയുടെ കെണിയില്‍ വീഴാതെ കൃത്യമായ ലക്ഷ്യത്തോടെ ജീവിത വിജയത്തിന്റെ ഉയരങ്ങളിലെത്തണം. ജീവിതത്തിന്റെ മനോഹരമായ ഉയരങ്ങളിലെത്താനാകണം നമ്മുടെ പ്രയത്‌നമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അന്‍ഷാദ് മുഹമ്മദ്, രാജീവ് ഭാസ്‌കര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സലിം കുട്ടി, കൗണ്‍സിലര്‍ പി.എ. ഷാഹുല്‍ ഹമീദ്, നര്‍ക്കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.



