KeralaLatest NewsLocal news

ചിന്നക്കനാലില്‍ പ്രത്യേക ആര്‍ആര്‍ടിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍


വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലില്‍ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാരിയുടെ കുട്ടികളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ആര്‍ആര്‍ടിക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നിലവിലുള്ള ആര്‍ആര്‍ടിക്കൊപ്പം പൂര്‍ണ സജ്ജമായിട്ടുള്ള അധിക റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെയാണ് അടിയന്തരമായി നിയോഗിക്കുന്നത്. ഇതു സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കും. പുതിയ ആര്‍ആര്‍ടിയുടെ സേവനം അടിയന്തരമായി പ്രദേശത്ത് ലഭ്യമാക്കും.

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം വളരെ സങ്കീര്‍ണമായ പ്രശ്‌നമാണ്. ശാശ്വത പരിഹാരം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനിക്കും. ഹൈക്കോടി നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയുടെ ശുപാര്‍ശ സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. ഹൈക്കോടതിയെ പ്രായോഗിക വശങ്ങള്‍ അറിയിക്കും. ജനവാസ മേഖലയില്‍ 18 ലധികം ആനകളുണ്ട്. ആനയുടെ സഞ്ചാര പാതയില്‍ പലയിടത്തും തടസപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ചില ഭാഗങ്ങളില്‍ ആദിവാസി വിഭാഗങ്ങള്‍ കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. റവന്യൂ ഭിമിയില്‍ നിര്‍മ്മിച്ച സ്വകാര്യ വന്‍കിട സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ആനയുടെ സഞ്ചാരപാത തടസപ്പെടുത്തിയിട്ടുണ്ട്.

ശാശ്വത പരിഹാരമാണ് ലക്ഷ്യം. ഇത്രയധികം ജനവാസമുള്ള മേഖലയില്‍ ഫെന്‍സിംഗ് പോലുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രായോഗികത പഠിക്കേണ്ടതുണ്ട്. നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം മനസിലാക്കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എംപിയും എംഎല്‍എയും നിരന്തരമായി പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  

മാരിയുടെ മക്കളെ വനം വകുപ്പ് ദത്തെടുത്തു. അവര്‍ക്ക് മെന്ററെ നിയമിച്ചു. 18 വയസുവരെയുള്ള അവരുടെ എല്ലാ കാര്യങ്ങളും വകുപ്പ് നിറവേറ്റും. റേഷനും ഭക്ഷ്യവസ്തുക്കളും എത്തിച്ചുകൊടുക്കും. 5000 രൂപ മാസച്ചെലവിന് നല്‍കും. സ്‌കൂളുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കും. ഭാവിയില്‍ വീട് ആവശ്യമാണെങ്കില്‍ അത് സംബന്ധിച്ച് നടപടി സ്വീകരിക്കും. മൂന്നാറില്‍ ബഫര്‍ സോണില്‍ ജനവാസ മേഖല ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് 30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. ജനവാസ മേഖല ഒഴിവാക്കി കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മാരിയുടെ മകന്‍ രക്ഷനെയും മകള്‍ രക്ഷിണയെയും മൂന്നാര്‍ ലോക്ക് ഹാര്‍ട്ടിലെ ബന്ധുവീട്ടിലെത്തി മന്ത്രി സന്ദര്‍ശിച്ചു. നന്നായി പഠിക്കാനും പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. മരിച്ച മാരിയുടെ സഹോദരി മുനിയമ്മയുടെയും ഭര്‍ത്താവ് മുനിയാണ്ടിയുടെയും സംരക്ഷണത്തിലാണ് കുട്ടികള്‍. ചിന്നക്കനാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് രക്ഷന്‍. രക്ഷിണ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. വീട്ടിലെത്തിയ മന്ത്രി രണ്ടു പേര്‍ക്കും സൈക്കിള്‍ നല്‍കിയ ശേഷമാണ് മടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!