
സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 180 പേര്ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 256 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (61), വയനാട് (25), തൃശൂർ (13) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (25), തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (12), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
അതേസമയം, നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെ ക്വാറന്റൈനിൽ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. നിലവിലെ രോഗിയുമായി അടുത്തു സമ്പർക്കം പുലർത്തിയ ഉയർന്ന റിസ്ക് വിഭാഗത്തിൽ നിന്ന് ആദ്യമായാണ് ഒരാളെ ഒഴിവാക്കുന്നത്.നിപ രോഗബാധിതന്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന വിഭാഗത്തിൽപ്പെട്ട 13 പേരും ക്വാറന്റൈനിലാണ്.
കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 69 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 92 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കി.



