അഡ്വ. സേനാപതി വേണു എംഎൽഎയുടെ പുതിയ ഓഫീസ് രാജകുമാരിയിൽ പ്രവർത്തനമാരംഭിച്ചു.

അടിമാലി : ഉടുമ്പൻചോല മണ്ഡലത്തിലെ മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. പൊതുജനങ്ങൾക്ക് എംഎൽഎയുമായി കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാൻ രാജകുമാരി ടൗണിന്റെ ഹൃദയഭാഗത്ത് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. രാജകുമാരി സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ ഒരുക്കിയ ഓഫീസിന്റെ ഉദ്ഘാടനം ഇടുക്കി എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
ഉടുമ്പഞ്ചോല എംഎൽഎ അഡ്വക്കേറ്റ് സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. രാജകുമാരി, രാജാക്കാട്, സേനാപതി, ശാന്തൻപാറ എന്നീ നാല് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തങ്ങളുടെ വികസന ആവശ്യങ്ങൾക്കും പരാതി പരിഹാരങ്ങൾക്കുമായി ഇനി മുതൽ ഈ ഓഫീസിനെ ആശ്രയിക്കാം.
ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യത്തോടെയാണ് രാജകുമാരിയിൽ എംഎൽഎയുടെ ഈ പുതിയ ഓഫീസ് തുറന്നിരിക്കുന്നത്. ഓഫീസിന്റെ പ്രവർത്തനം പൂർണ്ണ സജ്ജമാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.



