കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കും: ഉറവിടവും വിതരണ ശൃംഖലയും ഒരുപോലെ ഇല്ലാതാക്കും; DGP

കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സാങ്കേതിക ഉപയോഗിച്ച് ലഹരി മാഫിയയ്ക്കെതിരെ തൂഫാൻ ദി നാർക്കോ ഹണ്ട് നടപടികൾ സ്വീകരിക്കുന്നു. ലഹരിക്കെതിരായ യുദ്ധം ജയിക്കാനാകുമെന്ന് ഉറപ്പുണ്ട് . ഉറവിടവും വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
തൂഫാൻ ദി നാർക്കോ ഹണ്ട് നടപ്പാക്കിയതിന് പിന്നാലെ അയ്യായിരത്തിലധികം കേസുകളും അഞ്ഞൂറിലധികം അറസ്റ്റും ഇതുവരെ നടന്നു. കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് സംയുക്ത ദൗത്യം പുരോഗമിക്കുന്നത്. പരിശോധന താത്കാലികമല്ലെന്നും തുടർച്ചയായ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. കഞ്ചാവ് കൂടുതൽ എത്തുന്നത് ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗമാണ്. രാസ ലഹരിയുടെ ഉറവിടം ബെംഗളൂരുവുാണെന്നും വിദേശത്തുനിന്ന് ഉൾപ്പെടെ ലഹരി എത്തുന്നുവെന്നും ഡിജിപി പറഞ്ഞു.
കാസർഗോഡ് കാഞ്ഞങ്ങോട് പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പൊലീസുകാർക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഡിജിപി വ്യക്തമാക്കി. അവരുടെ സംരക്ഷണം തന്റെ ഉത്തരവാദിത്തമാണെന്നും അവർ തന്റെ കുടുംബത്തിൽപ്പെട്ടവരാണെന്നും ഡിജിപി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഒപ്പം പൊലീസ് സേനയുണ്ടെന്നും ഡിജിപി പറഞ്ഞു.



