CrimeKeralaLatest News

സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതി: പൊലീസിനെതിരെ 20കാരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി

പത്തനംതിട്ട: പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് 20കാരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. കൂടല്‍ എസ്‌ഐ ജയമോഹനും സംഘവും മര്‍ദിച്ചതായാണ് യുവാവിന്റെ പരാതി.സിവില്‍ വേഷത്തില്‍ പൊലീസ് തന്റെ വീട്ടിലെത്തുകയും ബലപ്രയോഗത്തിലൂടെ വാഗണര്‍ കാറില്‍ കയറ്റുകയും ചെയ്തു. നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തു കൊണ്ടുപോയി. പൊലീസ് തിരിച്ചും മറിച്ചും തന്നെ ചോദ്യം ചെയ്തുവെന്നും യുവാവ് പറയുന്നു.

പരാതിക്കാരെ തനിക്ക് അറിയില്ല എന്ന് പൊലീസിനോട് പറഞ്ഞുവെന്നും ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പൊലീസിനോട് പറഞ്ഞിട്ടും തന്റെ വാക്കുകള്‍ വിലയ്‌ക്കെടുത്തില്ലെന്നും യുവാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. എസ്‌ഐയും സംഘവും തന്നെ ക്രൂരമായി മര്‍ദിച്ചു. ലാത്തി ഉപയോഗിച്ച് തന്റെ കാല്‍വെള്ളയില്‍ ക്രൂരമായി അടിച്ചു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് തന്റെ കാല്‍ ചവിട്ടി ചതച്ചു. ചെവിയില്‍ പിടിച്ച് ശക്തമായി മുകളിലേക്ക് വലിച്ചുപൊക്കി. ചെവിക്ക് ഗുരുതരമായ ക്ഷതമേറ്റു. ജൂലൈ നാലിന് വൈകിട്ട് ആറുമണിയോടെ നിയമവിരുദ്ധ കസ്റ്റഡിയില്‍ നിന്ന് തന്നെ വിട്ടയച്ചു. തന്നെ മര്‍ദിച്ച പൊലീസിനെതിരെയും വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം മര്‍ദിച്ചുവെന്ന യുവാവിന്റെ ആരോപണത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് കൂടല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കും.

പൊലീസില്‍ നിന്ന് മര്‍ദനമേറ്റുവെന്ന വിവരം 20 കാരന്‍ പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചുവെന്നായിരുന്നു യുവാവ് വെളിപ്പെടുത്തിയത്. കാല്‍വെള്ളയുടെ അടിയില്‍ ചൂരല്‍കൊണ്ട് അടിച്ചുവെന്നും തലമുടിയിലും ചെവിയിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തിയെന്നും യുവാവ് പറഞ്ഞിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട് എന്ന് പറഞ്ഞിട്ടും പൊലീസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു. അനുജന്‍ ആണെന്ന് കരുതി തന്നെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തതെന്ന് 20കാരന്റെ സഹോദരനും പറഞ്ഞിരുന്നു. ജിമ്മില്‍ നിന്നും പൊലീസ് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. പ്രായം ചോദിച്ചപ്പോള്‍ 28 വയസാണെന്ന് പറഞ്ഞു. സഹോദരന്‍ ഉണ്ടോ എന്ന് പൊലീസ് ചോദിച്ചു. ഉണ്ടെന്നും വീട്ടിലാണെന്നും പറഞ്ഞപ്പോള്‍ പൊലീസ് തന്നെയും കൂട്ടി വീട്ടിലേക്ക് പോയി. തുടര്‍ന്ന് അനുജനെ കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ തങ്ങള്‍ രണ്ടുപോരെയും കൂടല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയെന്നും 28കാരന്‍ പറഞ്ഞിരുന്നു.

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചുവെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സഹപാഠികള്‍ പീഡിപ്പിട്ടില്ലെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോട് വ്യക്തമാക്കിയിരുന്നു. സഹപാഠിയോട് തനിക്ക് പ്രണയം തോന്നിയെന്നും എന്നാല്‍ സഹപാഠി പ്രണയം നിരസിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ഇതിന്റെ നിരാശയിലാണ് സഹപാഠികള്‍ക്കെതിരെ പീഡന പരാതി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. വൈദ്യപരിശോധനയിലും പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായിരുന്നു. ശരീരത്തില്‍ പരിക്കേറ്റിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠികള്‍ പീഡിപ്പിച്ചതായി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പൊലീസ് പെണ്‍കുട്ടികളുടെ നാല് സഹപാഠികളെയും രണ്ട് മുതിര്‍ന്നവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. ഇത്തരത്തില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവാണ് പരാതിയുമായി നിലവില്‍ ആഭ്യന്തരമന്ത്രിയെ സമീപിച്ചിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!