പൊതിച്ചോറ് പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല, കൊടിയുടെ നിറം നോക്കി അല്ല ഞങ്ങൾ ഭക്ഷണം കൊടുക്കുന്നത്’; കെ മുരളീധരന് മറുപടിയുമായി DYFI

ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം പാടില്ല എന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. ഞങ്ങൾ പൊതിച്ചോറ് പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് പറഞ്ഞു. ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിർത്തലാക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടർന്നുകൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതിയെന്നും വസീഫ് പ്രതികരിച്ചു.
മെഡിക്കൽ കോളേജുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ടുപോകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാൽ മതി. കൊടിയും ബാനറും വെക്കുന്നതിൽ എന്താ പ്രശ്നം. സർക്കാർ സംവിധാനം വരട്ടെ. എന്തിനാണ് ഞങ്ങളുടെ പദ്ധതിയെ തകർക്കാൻ നോക്കുന്നത്. ഞങ്ങൾക്ക് മറ്റു താല്പര്യങ്ങൾ ഇല്ല, പൊതിച്ചോറ് മുടങ്ങരുത്. ഞങ്ങൾ കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നത്. മറ്റുള്ളവരും ഇത് മാതൃകയാകട്ടെയെന്നും വസീഫ് കൂട്ടിച്ചേർത്തു.
ബാനർ .കൊടി കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ല, കമ്യൂണിറ്റി കിച്ചൻ എന്ന രീതിയിൽ ഭക്ഷണം നൽകാം എന്നായിരുന്നു കെ മുരളീധരൻപ്രതികരിച്ചത്. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരൻ നടത്തിയ പ്രസ്താവനയെയും അതിന് പിന്നാലെയുള്ള ആരോഗ്യവകുപ്പിന്റെ നടപടിയെയും രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തിയിന്നു. ജി. സുധാകരന്റെ പ്രസ്താവന കേട്ടുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ നടപടി തികച്ചും അപക്വമാണെന്ന് വി.കെ. സനോജ് പറഞ്ഞു.യാതൊരുവിധ രാഷ്ട്രീയ പക്ഷപാതവുമില്ലാതെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന ഇത്തരം ജീവകാരുണ്യ പ്രവൃത്തികളെ തടയാൻ ശ്രമിക്കരുത്.
മന്ത്രിയുടെയോ മറ്റാരുടെയെങ്കിലും വാക്കുകേട്ട് ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കും കൂട്ടരിക്കുന്നവർക്കുമായി നൽകിവരുന്ന പൊതിച്ചോർ വിതരണം ഒരു കാരണവശാലും ഡിവൈഎഫ്ഐ അവസാനിപ്പിക്കില്ലെന്നും വി.കെ. സനോജ് വ്യക്തമാക്കി



