പണിപൂര്‍ത്തിയായ വീടിനടിയില്‍ ഗുഹാവലുപ്പത്തില്‍ ഗര്‍ത്തവും വെള്ളച്ചാലും; ഉള്ള് പിടഞ്ഞ് കുടുംബം

എത്ര കഷ്ടപ്പെട്ടാണെങ്കിലും ആഗ്രഹിച്ചത് പോലൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയൊരു വീട് പണി പൂര്‍ത്തിയായെങ്കിലും കുടുംബവുമൊത്ത് കയറിക്കിടക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് കാസര്‍ഗോഡ് ആനക്കല്ല് ഒറ്റമാവുങ്കലില്‍ സദന്‍. പണിപൂര്‍ത്തിയായ വീടിനടിയില്‍ ഗുഹാവലുപ്പത്തില്‍ ഉള്ള ഗര്‍ത്തവും വെള്ളചാലുമാണ് ഈ കുടുംബത്തെ തോരാ സങ്കടത്തിലാക്കിയത്.മൂന്ന് വര്‍ഷം കൊണ്ട് സദന്‍ പണിതീര്‍ത്ത വീട് ആണിത്. 28ന് പാലുകാച്ചല്‍ വരെ തീരുമാനിക്കുകയും ചെയ്തു. ആളുകളെയും ക്ഷണിച്ചു. അവസാനമായി സെപ്റ്റിക് ടാങ്കിന് കുഴിയെടുത്തപ്പോളാണ് സദന്റെ സ്വപ്നം തകര്‍ന്നത്. ഭൂമിക്കടിയില്‍ ഗുഹാ വലിപ്പത്തില്‍ ഗര്‍ത്തവും നീര്‍ച്ചാലും കണ്ടെത്തുകയായിരുന്നു.
ഓരോന്ന് സ്വരുകൂട്ടിയായിരുന്നു ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം മൂന്ന് വര്‍ഷം കൊണ്ട് വീട് നിര്‍മിച്ചത്. വീട് പണിതുയര്‍ത്തിയ ഭൂമിക്കടിയില്‍ 10 അടിയോളം വ്യാസത്തിലാണ് 150 മീറ്ററിലേറെ നീളത്തില്‍ ഗുഹാരൂപത്തില്‍ ഗര്‍ത്തമുള്ളത്. വേരുകള്‍ ഇറങ്ങി വെള്ളത്തുള്ളികള്‍ ഇറ്റ് വീഴുന്നത് കാണാം. ചിലയിടത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. ഗര്‍ത്തത്തിനുള്ളില്‍ ശക്തമായി വെള്ളം ഒഴുകുന്നുമുണ്ട്. ഇവിടെ മണ്ണിടിയുമ്പോള്‍ അകലെ തോട്ടത്തിലുള്ള കുളത്തിലെ വെള്ളം കലങ്ങുന്നുണ്ട്.ഭൂഗര്‍ഭ ശാസ്ത്രജ്ജര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇനി ഈ വീട്ടില്‍ താമസിക്കാന്‍ ആകില്ലലോ എന്ന സങ്കടത്തില്‍ ആണ് സദനും കുടുംബവും. പുതിയതൊന്നു പണിയാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണം എന്ന് ചോദിക്കുമ്പോള്‍ അവരുടെ ഉള്ളു പിടയുന്നുണ്ട്



