
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്.
അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്.ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങൾ തൂശനിലയിൽ വിളമ്പുന്ന രീതിയുമുണ്ട്. എല്ലാവർക്കും ഉത്രാട ദിനാശംസകൾ



