CrimeKeralaLatest NewsLocal news
പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങിയ സംഘത്തെ പിടികൂടി; നാലംഗ സംഘത്തിൽ ഒരു വനിതയും

ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കടന്നുകളഞ്ഞ സംഘത്തെ വെള്ളത്തൂവൽ പൊലീസ് സാഹസികമായി പിടികൂടി. വ്യാഴം വൈകിട്ടാണു സംഭവം. ആലുവ സ്വദേശികളായ നാലംഗ സംഘമാണു പൊലീസിനെ വെട്ടിച്ചു കടന്നുപോകാൻ ശ്രമം നടത്തിയത്. കടന്നുകളഞ്ഞ സംഘത്തെ ആനച്ചാലിൽ തടയാനുള്ള പൊലീസിന്റെയും നാട്ടുകാരുടെയും നീക്കം വിജയിച്ചില്ല. പിന്നീടു കല്ലാർകുട്ടിയിൽ വച്ച് തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവരെ കബളിപ്പിച്ച് വാഹനം തിരിച്ച് വെള്ളത്തൂവൽ ഭാഗത്തേക്ക് ഓടിച്ചുപോയി.
വെള്ളത്തൂവൽ ടൗണിനു സമീപം പൊലീസ് സംഘം വാഹനം തടയാൻ ശ്രമിച്ചു. ഇവരെ തട്ടിമാറ്റി വാഹനം തിരിക്കുന്നതിനിടെ കാർ ഓടയിൽ ചാടിയതോടെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. വാഹനത്തിലെ നാലംഗ സംഘത്തിൽ ഒരു വനിതയും ഉണ്ടെന്നു പൊലീസ് പറഞ്ഞു. കൊടൈക്കനാൽ, മൂന്നാർ സന്ദർശനശേഷം തിരികെ പോകുകയായിരുന്നു സംഘം.



