ബാങ്കിന്റെ പേരിൽ പണം പിരിച്ചു: നൽകിയത് കാലഹരണപ്പെട്ട പാസ്ബുക്കുകൾ; 17 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കളക്ഷൻ ഏജന്റ് ഒടുവിൽ പോലീസ് പിടിയിൽ.

മൂന്നാർ : വിശ്വാസത്തെ മറയാക്കി നടത്തിയ ആസൂത്രിത തട്ടിപ്പ്. മൂന്നാറിലെ കേരള ബാങ്കിന്റെ ഈവനിംഗ് ശാഖയിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്തിരുന്ന സതീശ് കുമാറാണ് 17 ലക്ഷം രൂപ തട്ടിയെടുത്തത്.
2022 മുതൽ 2023 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ബാങ്ക് കളക്ഷനായി നൽകിയിരുന്ന മൈക്രോ എ.ടി.എം. മെഷീൻ ഉപയോഗിക്കാതെ, പകരം 2013-ന് മുമ്പ് ഉപയോഗിച്ചിരുന്ന കാലഹരണപ്പെട്ട ലോൺ പാസ്ബുക്കുകളാണ് പ്രതി ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. ഉപഭോക്താക്കളിൽ നിന്ന് പണമായി സ്വീകരിച്ച തുക ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം കൈവശം സൂക്ഷിച്ചു. ഇത്തരത്തിൽ ബാങ്ക് അധികൃതരെയും ഉപഭോക്താക്കളെയും ഒരുപോലെ കബളിപ്പിച്ചാണ് 17 ലക്ഷം രൂപ തട്ടിയെടുത്തത്.
ഇതിനിടെ ആംബർഗ്രീസ് കൈവശം വെച്ച കേസിൽ വനംവകുപ്പ് പ്രതിയെ അറസ്റ്റ് ചെയ്യുകയും 2024-ൽ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരള ബാങ്ക് നടത്തിയ പരിശോധനയിലാണ് പ്രതി പണം സ്വീകരിച്ചിരുന്ന പല ഉപഭോക്താക്കളുടെയും തുക ബാങ്കിൽ എത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോയി. മൂന്നാർ സ്വദേശിയായ ഇയാൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചാണ് പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്നത്. ഒടുവിൽ വിരുദുനഗറിൽ പ്രതി കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മൂന്നാർ പോലീസ് തമിഴ്നാട്ടിലെത്തി ഇയാളെ പിടികൂടി.
ബൈറ്റ്
മൂന്നാർ സി.ഐ. ബിനോദ്
കുമാറിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ. സുനീഷ്, സി.പി.ഒ.മാരായ മണികണ്ഠൻ, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



