KeralaLatest NewsLocal news

ഇക്കനഗറില്‍ നിന്നും രാജീവ് ഗാന്ധി നഗറിലേക്ക് പോകുന്ന വഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം

മൂന്നാര്‍: മൂന്നാര്‍ ഇക്കനഗറില്‍ നിന്നും രാജീവ് ഗാന്ധി നഗറിലേക്ക് പോകുന്ന വഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. ദിവസവും നിരവധിയായ ആളുകള്‍ കാല്‍നടയാത്രക്കായി ഉപയോഗിക്കുന്ന വഴിയാണ് മൂന്നാര്‍ ഇക്കനഗറില്‍ നിന്നും രാജീവ് ഗാന്ധി നഗറിലേക്ക് പോകുന്ന പാത. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പ്രായമായവരുമെല്ലാം കാല്‍നടയാത്രക്കായി ഈ വഴിയെയാണ് ആശ്രയിക്കുന്നത്.

ഈ വഴിയിലുള്ള വെള്ളക്കെട്ടാണ് ഇതു വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രതിസന്ധിയായിട്ടുള്ളത്. വഴിയരികില്‍ ഓട നിര്‍മ്മിച്ചിട്ടില്ലാത്തതിനാല്‍ പ്രദേശത്തെ മലിനജലമടക്കം ഈ വഴിയിലൂടെ നിരന്നൊഴുകുന്നു. ചിലയിടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നു. ഇതില്‍ ചവിട്ടി വേണം ആളുകള്‍ യാത്ര ചെയ്യാന്‍. സ്ഥിരമായി മലിന ജലത്തില്‍ ചവിട്ടി യാത്ര ചെയ്യുന്നത് രോഗങ്ങള്‍ പടരുന്നതിന് കാരണമാകുമോയെന്ന ആശങ്ക ഇതു വഴി യാത്ര ചെയ്യുന്നവര്‍ക്കുണ്ട്.

മഴക്കാലമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പാതയോരത്തെ വീടുകളിലേക്കടക്കം വെള്ളമൊഴുകി കയറുന്ന സ്ഥിതിയുണ്ടാകും. പാതയോരത്ത് ഓട നിര്‍മ്മിച്ച് വഴിയില്‍ നിന്ന് വെള്ളക്കെട്ടും വെള്ളമൊഴുക്കും മാറ്റണമെന്ന് ഇതു വഴി യാത്ര ചെയ്യുന്നവര്‍ ആവശ്യപ്പെടുന്നു. ഒപ്പം ദിവസവും നിരവധിയാളുകള്‍ യാത്ര ചെയ്യുന്ന ഈ വഴിയുടെ നവീകരണം സാധ്യമാക്കണമെന്നും ആവശ്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!