KeralaLatest NewsLocal news

സഞ്ചാരികളേ…..മൂന്നാറില്‍ ജക്രാന്ത വസന്തം

മൂന്നാര്‍: മൂന്നാര്‍ എന്നും സൗന്ദര്യമൊളിപ്പിക്കുന്ന അത്ഭുത ഭൂമിയാണ്. വസന്തകാലത്തും മണ്‍സൂണ്‍കാലത്തുമെല്ലാം സഞ്ചാരികളുടെ നയനങ്ങള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന മൂന്നാറിന്, പൂവിട്ടു നില്‍ക്കുന്ന ജക്രാന്ത മരങ്ങള്‍ നല്‍കുന്ന മനോഹാരിത വാക്കുകള്‍ക്കതീതം.

പരന്ന് കിടക്കുന്ന തേയിലച്ചെടികള്‍ക്കിടയില്‍ വൈലറ്റ് നിറംകൊണ്ട് അഴക് വിരിയിക്കുന്ന ജക്രാന്ത മരങ്ങള്‍ പള്ളിവാസലിലും വാഗുവരൈയിലും വൈലറ്റ് വസന്തം തീര്‍ക്കുകയാണ്. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ വൈലറ്റ് കാന്തി വിരിക്കുന്ന ജക്രാന്ത മരങ്ങള്‍ വസന്തകാലത്ത് മൂന്നാറിന് വര്‍ണ്ണനാതീതമായ സൗന്ദര്യം നല്‍കുന്നുണ്ട്്. വളര്‍ന്ന് പന്തലിച്ച ജക്രാന്ത മരങ്ങളില്‍ വിരിയുന്ന പുഷ്പങ്ങള്‍ മൂന്നാറിന്റെ മലനിരകള്‍ക്ക് ഏഴഴക് നല്‍കുന്നതാണ്.

നനുത്ത മഞ്ഞിന്റെ കുളിരും പരന്ന് കിടക്കുന്ന തേയിലച്ചെടികളുടെ വശ്യഭംഗിയും മാത്രമല്ല ജക്രാന്ത പുഷ്പങ്ങള്‍ വിരിയിക്കുന്ന വസന്തകാലവും മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പിന്നെയും പിന്നെയും കാണുവാന്‍ ബാക്കി വയ്ക്കുന്ന മനോഹര കാഴ്ച്ചയാണ്. മൂന്നാറിലെ തേയില തോട്ടങ്ങളില്‍ കൊളോണിയല്‍ ഭരണകാലത്ത് യൂറോപ്യന്‍മാരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങള്‍ വച്ച് പിടിപ്പിച്ചത്.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് വസന്തത്തിന്റെ നനവ് നല്‍കിയാണ് ജക്രാന്ത മരങ്ങള്‍ പൂവിടാറ്.അതേ സമയം ദേശിയപാത നവീകരണത്തിന്റെ ഭാഗമായി പള്ളിവാസല്‍ ഭാഗത്തെ ജക്രാന്ത മരങ്ങള്‍ മുറിച്ച് നീക്കാനുള്ള സാധ്യത മുമ്പില്‍ കണ്ട് ജക്രാന്ത മരങ്ങള്‍ സംരക്ഷിച്ച് റോഡ് നവീകരണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു. ലാറ്റിന്‍ അമേരിക്കയിലേയും കരീബിയന്‍ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നുള്ള ബിഗ്‌നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സില്‍പ്പെട്ടതാണ് ജക്രാന്ത.അമേരിക്കക്കാരിയായ ജക്രാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!