CrimeKeralaLatest NewsLocal news

യുവാവിനെ പെണ്‍സുഹൃത്തും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം : പ്രതികൾ പിടിയിൽ

ഇടുക്കി : ഗിഫ്റ്റ് കൊടുത്ത ബൈക്ക് പ്രണയ ബന്ധം അവസാനിപ്പിച്ചതിന്പി ന്നാലെ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കം ഇടുക്കി ചെറുതോണിയില്‍ കത്തിക്കുത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ ഭൂമിയാംകുളം സ്വദേശിയായ കണിയാംകുന്നേല്‍ ജിൻസ് ഷാജി (21) നാണ് പരിക്കേറ്റത്. സംഭവത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന ജിൻസിന്റെ പെണ്‍സുഹൃത്തായ അനു മോഹനൻ (22), സുഹൃത്തുക്കളായ അതുല്‍കുമാർ സാബു (24), അഭിജിത്ത് ജോഷി (25), യദുകൃഷ്ണൻ വിജയൻ (24) എന്നിവരെ ചെറുതോണി പോലീസ് എറണാകുളത്തു നിന്ന് പിടികൂടി.

പ്രതികളും ജിൻസും എറണാകുളത്ത് ഒരുമിച്ച്‌ താമസിച്ച്‌ ജോലി ചെയ്യുന്നവരാണ്. ജിൻസും അനുവും തമ്മിലുള്ള പ്രണയബന്ധത്തിനിടയില്‍ അനു ഇയാള്‍ക്ക് ഒരു ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ജിൻസ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ ഇവർ തമ്മില്‍ തെറ്റുകയും ബൈക്ക് തിരികെ ആവശ്യപ്പെടുകയും ചെയ്തു. ബൈക്ക് നല്‍കാൻ ജിൻസ് തയാറാകാത്തതിനെത്തുടർന്ന്, ബൈക്കോ അല്ലെങ്കില്‍ അത് വാങ്ങാൻ നല്‍കിയ 60,000 രൂപയോ തിരികെ വാങ്ങാനുറച്ചാണ് അനുവും സുഹൃത്തുക്കളും ടാക്സി കാറില്‍ ചൊവ്വാഴ്ച പുലർച്ചെ ചെറുതോണിയില്‍ എത്തിയത്. പ്രശ്നം സംസാരിച്ച്‌ തീർക്കാനായി ജിൻസിനെ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

സംസാരത്തിനിടയില്‍ ഉണ്ടായ വാക്കുതർക്കത്തിനൊടുവില്‍ സംഘത്തിലുണ്ടായിരുന്ന അതുല്‍ കുമാർ ജിൻസിനെ കത്തികൊണ്ട് കുത്തി. ഇടതുതോളില്‍ പരിക്കേറ്റ ജിൻസ് ഓടി രക്ഷപ്പെട്ടതോടെ പ്രതികള്‍ കാറിലും ബൈക്കിലുമായി എറണാകുളത്തേക്ക് കടന്നു. പരിക്കേറ്റ ജിൻസിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ പലരും നേരത്തെയും വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!