
മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ബൊട്ടാണിക്കല്‍ ഗാര്ഡന്. വിവിധ തരത്തിലുള്ള പൂക്കളുടെ വര്ണ്ണശബളിതയാണ് ഗാര്‍ഡനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഗാര്‍ഡനിലെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വാദനത്തിനൊപ്പം ഒരല്‍പ്പം സാഹസികതക്കു കൂടി അവസരമൊരുക്കിയാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗ്ലാസ് വാച്ച് ടവര്‍ തുറന്നിട്ടുള്ളത്.
ആകാശക്കാഴ്ചകളും മൂന്നാറിന്റെ പ്രകൃതിസൗന്ദര്യവും ആസ്വദിക്കാന്‍ കഴിയും വിധത്തിലാണ് പുതിയ ഗ്ലാസ് വാച്ച് ടവര്‍ നിര്‍മിച്ചിരിക്കുന്നത്. ഡബിള്‍ ലൈനായി നിര്‍മ്മിച്ചിട്ടുള്ള കേരളത്തിലെ ഏറ്റവും നീളമേറിയ ഗ്ലാസ് വാച്ച് ടവറാണ് മൂന്നാറിലേത്. 3.60 കോടി രൂപയാണ ഗ്ലാസ് വാച്ച് ടവറിന്റെ നിര്‍മാണച്ചെലവ്. 34 മീറ്റര്‍ നീളമുള്ള നടപ്പാതയിലൂടെ പോയാല്‍ ഭൂനിരപ്പില്‍നിന്ന് 300 മീറ്റര്‍ ഉയരത്തിലുള്ള വാച്ച് ടവറിലെത്താം.
ഒരേ സമയം 30 പേര്‍ക്കു വാച്ച് ടവറില്‍ കയറാം. സ്വകാര്യപങ്കാളിത്തത്തോടെ ജില്ലയില്‍ ഡിടിപിസി നടപ്പാക്കിയ രണ്ടാമത്തെ ഗ്ലാസ് വാച്ച് ടവറാണു മൂന്നാറിലേത്. ആദ്യത്തേതു വാഗമണ്ണിലേതാണ്. മുതിര്‍ന്നവര്‍ക്ക് 250 രൂപയും കുട്ടികള്‍ക്ക് 200 രൂപയുമാണ് ഗ്ലാസ് വാച്ച് ടവറില്‍ കയറുന്നതിനുള്ള ടിക്കറ്റ് നിരക്ക്.



