BusinessKeralaLatest NewsLocal news

വേനലില്‍ കൂളായി ദാഹമകറ്റാന്‍, കമ്പ് കൂള്

അടിമാലി: വേനല്‍ കനക്കുകയും പകല്‍ ചൂടേറുകയും ചെയ്തതോടെ ദാഹമകറ്റാന്‍ ആളുകള്‍ പലവഴി തേടാറുണ്ട്. കരിമ്പിന്‍ ജ്യൂസും കരിക്കുമെല്ലാം ഇതില്‍ ചില മാര്‍ഗ്ഗങ്ങള്‍ മാത്രമാണ്. എന്നാല്‍ തമിഴ്‌നാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ കരിക്കും തണ്ണിമത്തനും കരിമ്പിന്‍ ജ്യൂസും മാത്രമല്ല കമ്പ്കൂളും ദാഹമകറ്റാനുള്ള മാര്‍ഗ്ഗമായി വഴിയരികില്‍ കാണാം.മലയാളിക്കത്ര പരിചിതമല്ലാത്ത ദാഹശമന മാര്‍ഗ്ഗമാണ് കമ്പ്കൂള്.തേനി ബോഡി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തീര്‍ത്ഥമുരുകന്‍ കോവിലിനരികിലായി ഉള്ള ജയപ്രകാശണ്ണന്റെയും ഭാര്യ മുത്തുലക്ഷ്മിയുടെയും കൊച്ചുകട പരിചിതമായിരിക്കും.

കടയില്‍ വില്‍പ്പനക്കായി വിവിധ സാധനങ്ങള്‍ ഉണ്ടെങ്കിലും ആവശ്യക്കാരധികവും കമ്പ്കൂളിനാണ്. വേനല്‍ കനക്കുകയും പകല്‍ ചൂടേറുകയും ചെയ്തതോടെ ദാഹമകറ്റാന്‍ പലവഴി തേടുന്നവര്‍ക്ക് ആശ്വാസമാണി കമ്പ്കൂള്. ജയപ്രകാശണ്ണന്റെ കടയില്‍ വെറും മുപ്പത് രൂപാ മാത്രമാണ് ഒരു മൊന്ത കമ്പ്കൂളിന്റെ വില. ഒരു മൊന്ത കമ്പ്കൂള്‍ അകത്താക്കിയാല്‍ ദാഹം ശമിക്കുമെന്നുമാത്രമല്ല വിശപ്പും പറപറക്കും. 23 വര്‍ഷത്തോളമായി ജയപ്രകാശണ്ണനും ഭാര്യ മുത്തുലക്ഷ്മിയും ചേര്‍ന്ന് പാതയോരത്തിങ്ങനെ ഈ കൊച്ചുകടയുടെ നടത്തിപ്പാരംഭിച്ചിട്ട്.

ഇനിയെങ്ങനെ കമ്പ്കൂള്‍ തയ്യാറാക്കുമെന്ന് നോക്കാം. അരിയും ഗോതമ്പുമൊക്കെ പോലെ തന്നെയുള്ള ഒരു തരം ധാന്യമാണ് കമ്പ്. കമ്പ് പൊടിച്ചെടുക്കുകയാണ് ആദ്യ പടി. ഈ പൊടി പിന്നീട് കുഴമ്പ് രൂപത്തിലേക്ക് മാറ്റും. കുഴമ്പ് രൂപത്തിലായ ഈ പദാര്‍ത്ഥം തീയില്‍ കാച്ചി കുറുക്കും. കാച്ചി കുറുക്കിയെടുക്കുന്ന ഈ പദാര്‍ത്ഥം മോരുമായി ചേര്‍ത്ത് പാനിയ രൂപത്തിലാക്കുന്നതോടെ കമ്പ്കൂള്‍ റെഡി.

കമ്പ് പൊടിക്കുന്നത് മുതല്‍ കാച്ചിക്കുറുക്കുന്നതു വരെ ഒരല്‍പ്പം അധ്വാനം ആവശ്യമാണ്. ചൂടേറെയുള്ള അടുപ്പിനരികില്‍ നിന്ന് വേണം കുഴമ്പ് രൂപത്തിലാക്കിയ കമ്പ് കാച്ചികുറുക്കിയെടുക്കാന്‍. എങ്കിലും കമ്പ്കൂള്‍ ആസ്വദിച്ച് കഴിച്ച് ശരീരം തണുത്ത് മനസ്സ് നിറഞ്ഞ് ആളുകള്‍ പോകുന്നത് കാണുമ്പോള്‍ ജയപ്രകാശണ്ണനും ഭാര്യ മുത്തുലക്ഷ്മിക്കും പൂര്‍ണ്ണ സംതൃപ്തി. കമ്പ്കൂളിന് രുചി പകരാന്‍ വറുത്ത മുളകും മുളക് ചേര്‍ത്ത മാങ്ങയുമടക്കം വിവിധയിനം സൈഡ് ഡിഷുകളും ഈ ദമ്പതികള്‍ കടയില്‍ ഒരുക്കിയിട്ടുണ്ട്. എടുക്കുന്നതിനും കഴിക്കുന്നതിനും ഇരുവരും അളവൊന്നും ഒരുക്കിയിട്ടില്ല.

പകല്‍ ചൂടേറിയതോടെ ഈ കൊച്ചുകടയില്‍ കച്ചവടം തകൃതിയായി നടക്കുന്നു. ദാഹത്തിനൊരല്‍പ്പം ഇടവേള നല്‍കി നിറഞ്ഞ മനസ്സോടെ ആളുകള്‍ മടങ്ങുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!