KeralaLatest NewsLocal news

മൂന്നാറില്‍ മാലിന്യപ്ലാന്റ് കത്തിനശിച്ച സംഭവം; വൈകാതെ തുടര്‍ നടപടി സ്വീകരിക്കും

മൂന്നാര്‍: മാലിന്യ പ്ലാന്റ് കത്തിനശിച്ചതിനെ തുടര്‍ന്ന് മാലിന്യ സംസ്‌കരണം അവതാളത്തിലായ മൂന്നാര്‍ പഞ്ചായത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. തദ്ദേശ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, കലക്ടര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണു മാലിന്യ സംഭരണം, സംസ്‌കരണം എന്നീ കാര്യങ്ങളില്‍ പഞ്ചായത്തുമായി സഹകരിച്ച് നടപടികളെടുക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്തിന്റെ സഹകരണത്തോടെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, ജോലിക്കാരുടെ എണ്ണം, പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ സ്ഥലം സന്ദര്‍ശിച്ച് പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍ അധികൃതരെ യോഗം ചുമതലപ്പെടുത്തി.

നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്തായി മണ്ണിനടിയില്‍ മുടിക്കിടക്കുന്ന ടണ്‍ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബയോമൈനിങ് നടത്തി നീക്കം ചെയ്യാനായി ക്ഷണിച്ച ടെന്‍ഡറുകള്‍ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം തുറന്ന്, കരാര്‍ നല്‍കാനും യോഗം തീരുമാനിച്ചു. ബയോമൈനിങ്ങിനായി 3.5 കോടി രൂപയാണു സംസ്ഥാന ശുചിത്വമിഷന്‍ അനുവദിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് പ്ലാന്റില്‍ തീ പിടുത്തമുണ്ടായത്. പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി കത്തി നശിക്കുകയും പ്രധാന യന്ത്രങ്ങളും സോളര്‍ വേലികളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചിരുന്നു.

52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പൊലീസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലുടന്‍ പ്ലാന്റില്‍ മെഗാ ക്ലീനിങ് ക്യാംപ് ആരംഭിക്കും.
യന്ത്രങ്ങള്‍ നശിച്ചതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കട്ടകളാക്കാന്‍ കഴിയാത്തതിനാല്‍, തൊഴിലാളികളെ അധിക വേതനം നല്‍കി കൂടുതല്‍ സമയമുപയോഗിച്ച് ഇവ വേര്‍തിരിക്കാനാണു ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!