മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസ മേഖലയായ കള്ളക്കൂട്ടി കുടിയിലേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം ഇനിയും സാധ്യമായില്ല..

അടിമാലി : 2018ലെ പ്രളയത്തിലായിരുന്നു കള്ളക്കൂട്ടികുടിയിലെ ആദിവാസി കുടുംബങ്ങള്‍ പുറംലോകത്തേക്കെത്താന്‍ ആശ്രയിച്ചിരുന്ന പാലം ഒഴുകി പോയത്. അന്നുമുതല്‍ മഴക്കാലത്ത് സമാനതകളില്ലാത്ത ദുരിതമാണ് കുടുംബങ്ങള്‍ അനുഭവിക്കുന്നത്. കുടിയിലേക്കെത്തും മുമ്പുള്ള പുഴക്ക് കുറുകെ, ഒരു പാലം നിര്‍മ്മിക്കണമെന്ന ഇവരുടെ ആവശ്യത്തിന് എട്ട് വര്‍ഷത്തോളം പഴക്കമുണ്ട്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ പലതുണ്ടായി. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പാലം നിർമ്മിക്കുമെന്ന പ്രഖ്യാപനം വന്നതടക്കം പ്രഖ്യാപനങ്ങൾ ഇപ്പോഴും മുറപോലെ നടക്കുന്നു.
പക്ഷെ ഉന്നതി നിവാസികളുടെ ദുരിതമകറ്റാൻ ഈ പ്രഖ്യാപനങ്ങൾ മതിയാവില്ല. ഓരോ മഴക്കാലത്തും കുതിച്ചൊഴുകുന്ന പുഴക്ക് കുറുകെ ഈറ്റ കൊണ്ട് താൽക്കാലിക നടപ്പാലം നിർമ്മിച്ചാണ് ഉന്നതിനിവാസികളുടെ അക്കരെ ഇക്കരെയുള്ള യാത്ര. ഈ മഴക്കാലത്തും യാത്രക്കായി കുടിനിവാസികൾ ചേർന്ന് താൽക്കാലിക പാലം നിർമ്മിച്ചു കഴിഞ്ഞു.
കുടി നിവാസികള്‍ക്ക് അരിയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ എന്ത് വാങ്ങണമെങ്കിലും പുഴ കടന്ന് ഇക്കരെയെത്തണം.സ്കൂള്‍ തുറക്കുന്നതോടെ കുട്ടികളും പുഴ കടന്ന് വേണം വിദ്യാലയത്തില്‍ എത്താന്‍. കഴിഞ്ഞ മഴക്കാലത്ത് ഉന്നതിയിലെ ഒരു കുരുന്ന് ഈ പാലത്തിൽ നിന്നും താഴെ വീണ് അപകടത്തിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. മഴയത്ത് ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കൊക്കെയുള്ള ഇവരുടെ പുറംലോകത്തേക്കുള്ള യാത്ര പാലമില്ലാത്തതിനാൽ ഏറെ ദുഷ്ക്കരമാണ്.
കുതിച്ചൊഴുകുന്ന പുഴക്ക് മുകളിലൂടെ ജീവനും കയ്യിൽ പിടിച്ചാണ് കള്ളക്കൂട്ടി നിവാസികളുടെ ഓരോ മഴക്കാലത്തേയും യാത്ര. ഈ മഴക്കാലത്തും അതിന് മാറ്റമുണ്ടായിട്ടില്ല.
അടുത്ത മഴക്കാലത്ത് എങ്കിലും തങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ വേണമെന്ന ആവശ്യം ഉന്നതി നിവാസികൾ ആവർത്തിക്കുന്നു.



