തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ്; പെരുവഴിയിലായി നിക്ഷേപകർ

ഇടുക്കി തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലെ കോടി കണക്കിന് രൂപയുടെ തട്ടിപ്പിൽ പെരുവഴിയിലായിരിക്കുന്നത് സാധാരണക്കാരായ നിക്ഷേപകരാണ്. 30 ലക്ഷം രൂപ നിക്ഷേപിച്ച വൃക്ക രോഗിയായ വയോധികയ്ക്ക് പണം ലഭിക്കാതെ വന്നതോടെ ഡയാലിസിസ് മുടങ്ങി. പപ്പടം വിറ്റ പണം നിക്ഷേപിച്ച വയോധികനും, ഡോക്ടേഴ്സ് ദമ്പതിമാരും ഉൾപ്പെടെ നിക്ഷേപത്തുക തിരിച്ച് കിട്ടാൻമാസങ്ങളായി ബാങ്കിൽ കയറി ഇറങ്ങുകയാണ്.
പശുക്കളെ വളർത്തിയും പറമ്പിൽ പണിതും സമ്പാദിച്ച പണം സ്വരൂകുട്ടിയാണ് മേലെ ചിന്നാർ സ്വദേശി മറിയാമ്മ മാത്യു ബാങ്കിൽ നിക്ഷേപിച്ചത്. ലക്ഷ്യം അവശകാലത്ത് ആരോടും കൈ നീട്ടേണ്ടി വരരുത് എന്നത് മാത്രമായിരുന്നു.പപ്പടം ഉണ്ടാക്കി വിറ്റ് കിട്ടിയ കാശ് അത്രയും സുരക്ഷിതമായിരിക്കും എന്ന് കരുതിയാണ് രാജേന്ദ്രൻ പിള്ള ബാങ്കിൽ നിക്ഷേപിച്ചത്. എന്നാൽ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി പണം ആവശ്യപ്പെട്ടിട്ടും തിരികെ ലഭിച്ചില്ല. തമിഴ്നാട് സ്വദേശികളായ ഡോക്ടർ ദമ്പതികൾ ജയകുമാറിനും സരസ്വതിക്കും പറയാനുള്ളതും ഇതേ വഞ്ചനയുടെ കഥയാണ്.
വർഷങ്ങളോളം രോഗികളെ ചികിത്സിച്ച് അവർ സമ്പാദിച്ച 30 ലക്ഷം രൂപയാണ് ബാങ്ക് തട്ടിയെടുത്തത്. 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ നിക്ഷേപിച്ച 200 ലധികം സാധാരണക്കാരാണ് വഴിയാധാരമായിരിക്കുന്നത്. ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനുമായി ബാങ്കിന്റെ പടവുകൾ കയറിയിറങ്ങുന്ന ഇവർക്ക് നക്കാപ്പിച്ചയായി എന്തെങ്കിലും തുക നൽകി മടക്കുകയാണ് പതിവ്



