തമിഴ്‌നാടന്‍ ഗ്രാമമായ കമ്പത്തേക്ക് മുന്തിരിതോട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

അടിമാലി: തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമായ കമ്പം മുന്തിരി കൃഷിക്ക് ഏറെ പ്രസിദ്ധമാണ്. പശ്ചിമഘട്ടത്താല്‍ ചുറ്റപ്പെട്ട താഴ്വരയിലാണ് കമ്പത്തെ മുന്തിരി കൃഷി. വര്‍ഷം മുഴുവന്‍ കമ്പത്ത് മുന്തിരി ലഭിക്കും. വര്‍ഷത്തില്‍ രണ്ടുതവണ പ്രധാന വിളവെടുപ്പും ഒരു തവണ ഇടവിളവെടുപ്പും നടക്കുന്നുവെന്നതാണ് കമ്പത്തെ മുന്തിരി കൃഷിയുടെ പ്രത്യേകത. സീസണില്ലാത്ത കൃഷിയാണ് കമ്പത്തേതെന്ന് ചുരുക്കി പറയാം.കറുത്ത പനീര്‍ മുന്തിരിയാണ് കമ്പത്ത് പ്രധാനമായി കൃഷിയിറക്കിയിട്ടുള്ളത്.
രുചിക്കും മണത്തിനും ഒപ്പം ഔഷധഗുണത്തിനും പനീര്‍ മുന്തിരി പേരു കേട്ടതാണ്. മധ്യവേനലവധിയായതോടെ കമ്പത്തേക്ക് മുന്തിരിതോട്ടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാരംഭിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നാണ് സഞ്ചാരികള്‍ അധികവും കമ്പത്തേക്കെത്തുന്നത്. മൂപ്പെത്തി പഴുത്ത് വിളവെടുപ്പിന് പാകമായി കിടക്കുന്ന മുന്തിരിക്കുലകള്‍ സഞ്ചാരികളില്‍ കൗതുകം സമ്മാനിക്കുന്നു. വര്‍ഷം മുഴുവന്‍ കൃഷി ഉണ്ടെങ്കിലും ജനുവരി മുതല്‍ മെയ് വരെയും, ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയും ആണ് ഏറ്റവും കൂടുതല്‍ മുന്തിരിയുടെ വിളവെടുപ്പ് നടക്കുന്നത്.
മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലവും പശ്ചിമഘട്ട താഴ് വരയിലെ പ്രത്യേക കാലാവസ്ഥയുമാണ് കമ്പത്തെ മുന്തിരിയുടെ നാടാക്കി മാറ്റുന്നത്. പാടങ്ങളില്‍ നേരിട്ട് പോയി മുന്തിരി പറിക്കാനും ഫ്രഷ് മുന്തിരി ജ്യൂസ് കുടിക്കാനും മിക്ക തോട്ടങ്ങളിലും സൗകര്യമുണ്ട്. കൂടാതെ മായം കലരാത്ത മുന്തിരി വൈന്‍, ജാം എന്നിവയും ഇവിടെ നിന്ന് വാങ്ങാം.



