പന്നിയാർ പുഴയോരത്തെ ഒഴിപ്പിക്കൽ : പൂപ്പാറയിൽ സംഘർഷാവസ്ഥ;വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

അടിമാലി : പന്നിയാർ പുഴയോരത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൂപ്പാറയിൽ സംഘർഷാവസ്ഥ. വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുഴയോരത്തെ പുറമ്പോക്ക് ഭൂമിയിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികളുമായാണ് അധികൃതർ എത്തിയത്.
പൂപ്പാറ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തിയത്. എന്നാൽ നടപടി തടയാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രദേശവാസികൾ സംഘടിച്ചെത്തുകയായിരുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ വൻ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലവിൽ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നാട്ടുകാരും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. പുനരധിവാസം ഉറപ്പാക്കാതെ വീടുകളിൽ നിന്നും മാറില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. പ്രതിഷേധം ശക്തമായതോടെ മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.



