റബ്ബറിന് വില ഉയര്‍ന്നത് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയാകുന്നു

അടിമാലി: സംസ്ഥാനത്ത് റബ്ബര്‍ വില വീണ്ടും ഉയരുകയാണ്. നാലാംതരം റബ്ബറിന് കിലോക്ക് വില 260 രൂപയിലേക്കെത്തി. റബ്ബറിന്റെ ഇപ്പോഴത്തെ വില വര്‍ധനവ് റബ്ബര്‍ കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.വില സ്ഥിരതയില്ലായ്മ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാനവെല്ലുവിളികളില്‍ ഒന്നാണ്. ചില സമയങ്ങളില്‍ കുത്തനെ ഉയരുന്ന വില പിന്നീട് കുത്തനെ കൂപ്പുകുത്തുന്നത് റബ്ബര്‍ വിപണിയില്‍ പലപ്പോഴും നിരാശ സമ്മാനിക്കുന്നു.
വേണ്ടവിധം വില ലഭിക്കാതെ വന്നാല്‍ ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലൂടെ പല കര്‍ഷകരും കടന്നു പോകാറുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ ഉള്‍പ്പെടെ വില വര്‍ധനവും തൊഴിലാളികളുടെ കൂലിയും കൂടിയാകുന്നതോടെ ടാപ്പിംഗ് നടത്തിയാലും കാര്യമായി ഒന്നും മിച്ചം കിട്ടാതെ പോകുന്നതാണ് കര്‍ഷകരെ വലക്കുന്നത്.ഈ പ്രതിസന്ധികള്‍ക്കയവു വരുത്തിയാണിപ്പോള്‍ റബ്ബര്‍ വിപണിയില്‍ വീണ്ടും ഉണര്‍വ്വ് സംഭവിച്ചിട്ടുള്ളത്. വേനല്‍ ആരംഭിച്ചതിന് പിന്നാലെ റബ്ബര്‍മരങ്ങള്‍ ഇല കൊഴിച്ചതോടെ പാല്‍ ഉത്പാദനം കുറഞ്ഞിരുന്നു. കര്‍ഷകര്‍ പലരും ടാപ്പിംഗ് നിര്‍ത്തിയതാണ് കാരണം. വീണ്ടും ഇലകള്‍ തളിര്‍ത്ത് ടാപ്പിംഗ് പുനരാരംഭിച്ച് മുമ്പോട്ട് പോകവെയാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കി റബ്ബര്‍ വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.
തുടര്‍ച്ചയായി മഴ പെയ്യുന്നതോടെ ടാപ്പിംഗ് നടക്കാതെ വരികയും ഉത്പാദനം ഇടിയുകയും ചെയ്യുന്ന പ്രവണത മഴക്കാലങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴത്തെ വിലവര്‍ധനവ് മുമ്പില്‍ കണ്ട് റബ്ബര്‍ മരങ്ങളില്‍ മഴ മറകള്‍ തീര്‍ത്ത് ടാപ്പിംഗ് തുടരാനുള്ള പ്രവര്‍ത്തനങ്ങള്‍ പല കര്‍ഷകരും ആരംഭിച്ച് കഴിഞ്ഞു .മഴക്കാലങ്ങളില്‍ പൊതുവെ പാല്‍ ഉത്പാദനം കൂടുതലുള്ള കാലയളവാണ്.ഈ അനുകൂല സാഹചര്യങ്ങള്‍ മുതലാക്കി പരമാവധി വരുമാനം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് റബ്ബര്‍ കര്‍ഷകര്‍.



