നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊള്ളണമെന്ന് ആവശ്യം

അടിമാലി : പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനം കൈകൊള്ളണമെന്ന ആവശ്യവുമായി ദേശിയപാത സംരക്ഷണ സമിതി രംഗത്ത്. ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നവീകരണ ജോലികള്‍ തടസ്സപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ദേശിയപാതയുടെ മറ്റിടങ്ങളില്‍ ജോലികള്‍ തകൃതിയായി നടക്കുമ്പോഴും നേര്യമംഗലം വനമേഖലയില്‍ തടസ്സപ്പെട്ട ജോലികള്‍ ഇനിയും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
വനമേഖലയില്‍ റോഡിന് വീതി വര്‍ധിപ്പിക്കുന്നതിനും സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കുന്നതിനുമായി കരാര്‍ കമ്പിനി പണികള്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിലായിരുന്നു നിര്‍മ്മാണ ജോലികള്‍ നിയമകുരുക്കിലേക്ക് പോയി തടസ്സപ്പെട്ടത്. നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പിന്നീടുണ്ടായ ജനകീയ പ്രതിഷേധങ്ങള്ക്കടക്കം യുഡിഎഫിന്റെ പിന്തുണ ലഭിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രഖ്യാപനമടക്കം യുഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനം കൈകൊള്ളണമെന്ന ആവശ്യം ദേശിയപാത സംരക്ഷണ സമിതി മുമ്പോട്ട് വച്ചിട്ടുള്ളത്. റോഡില്‍ കുണ്ടും കുഴിയും നിറയുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ മാസങ്ങള്‍ക്ക് മുമ്പ് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് റീ ടാറിംഗ് ജോലികള്‍ നടത്തിയിരുന്നു. എന്നാല്‍ വീതി കൂട്ടിയുള്ള മറ്റ് നിര്‍മ്മാണ ജോലികള്‍ക്ക് സാഹചര്യം ഒരുങ്ങിയിട്ടില്ല.
മഴക്കാലങ്ങളില്‍ പാതയോരത്തു നിന്നും മരങ്ങള്‍ കടപുഴകി റോഡിലേക്ക് പതിച്ചുള്ള ഗതാഗത തടസ്സം പതിവാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഈ മഴക്കാലത്തും സമാന സാഹചര്യമുണ്ടാകും.റീ ടാറിംഗ് നടത്തിയതു കൊണ്ടു മാത്രം വനമേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനോ അപകട സാധ്യത കുറക്കാനോ കഴിയില്ല. അതിനായി റോഡിന്റെ വീതി വര്‍ധിപ്പിക്കുകയും സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കുകയും തന്നെ വേണം.



