തുടരെ അവധി; നാളെ മുതല്‍ അഞ്ചു ദിവസത്തേക്ക് എസ്ബിഐ പ്രവര്‍ത്തിക്കില്ല; കാരണമിത്

എസ്ബിഐ ഉപഭോക്താക്കളാണോ.. അടുത്ത അഞ്ചു ദിവസത്തേക്ക് എസ്ബിഐ ശാഖകളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കില്ല. അവധി ദിവസങ്ങളും പണിമുടക്കുമാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് അഞ്ചു ദിവത്തേക്ക് അടഞ്ഞുകിടക്കാന്‍ കാരണം. നാലാം ശനി, ഞായർ ദിവസങ്ങളിലെ ബാങ്ക് അവധിക്ക് ശേഷം തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ജീവനക്കാരുടെ പണിമുടക്കുണ്ട്. ബുധനാഴ്ച ബക്രിദ് അവധിയായതിനാലും ബാങ്ക് തുറന്നു പ്രവർത്തിക്കില്ല. വ്യാഴാഴ്ചയും ബക്രീദ് അവധി നൽകുകയാണെങ്കിൽ ആറ് ദിവസം വരെ എസ്ബിഐ ശാഖകൾ അടഞ്ഞുകിടക്കും.
ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനാണ് പണിമുടക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്. സ്ഥിരം ജോലികൾ ഔട്ട്സോഴ്സ് ചെയ്യുന്നതിന് എതിരെയും നിയമനങ്ങള്‍ നടക്കാത്തതും അടക്കമുള്ള 16 ഇന പ്രശ്നങ്ങള്‍ മുന്നോട്ടുവച്ചാണ് എസ്ബിഐ ജീവനക്കാര്‍ പണിമുടക്കുന്നത്. ജീവനക്കാരുടെ കുറവ് ബ്രാഞ്ചിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും നിലവിലുള്ള ജീവനക്കാരുടെ മേൽ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഫെഡറേഷൻ പറയുന്നു. സ്ഥിരം ജോലികൾ ഔട്ട്സോഴ്സ് ചെയ്യുന്നത് ബാങ്ക് നിർത്തണമെന്നാണ് മറ്റൊരു ആവശ്യം. ഔട്ട്സോഴ്സ് ചെയ്യുന്നതിലൂടെ ഡാറ്റ ചോർച്ച, ദുരുപയോഗം, വഞ്ചന എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.



