
മൂന്നാർ : മഴക്കാലമെത്തിയിട്ടും മൂന്നാർ മേഖലയിൽ കാട്ടാന ശല്യം ഒഴിയുന്നില്ല. ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായ കാട്ടു കൊമ്പൻ പടയപ്പക്കു പുറമെ മറ്റൊരു കാട്ടു കൊമ്പൻ കൂടി ജനവാസ മേഖലയിലേക്ക് എത്തിയിട്ടുള്ളതാണ് ഇപ്പോഴത്തെ ആശങ്കക്ക് അടിസ്ഥാനം. ഹോസ് കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പൻ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിലിറങ്ങി ഗതാഗത തടസ്സം തീർത്തു.
മാട്ടുപ്പെട്ടി ഇൻഡോസിസ് പ്രോജക്റ്റിന് സമീപം കാട്ടാന റോഡിലേക്കെത്തിയ സമയം ഇതു വഴി വാഹന യാത്രികർ കടന്നു പോകുന്നുണ്ടായിരുന്നു. ആന റോഡിലേക്കെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരം ആന റോഡിൽ നിലയുറപ്പിച്ചു. പിന്നീട് പിൻവാങ്ങി. ഹോസ് കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയിൽ സ്ഥിര സാന്നിധ്യമാകുമോയെന്ന ആശങ്ക ആളുകൾക്കുണ്ട്. കഴിഞ്ഞ ദിവസം കാട്ടു കൊമ്പൻ പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങി കാർ തകർത്തിരുന്നു.



