കേരളത്തിലെ വിദ്യാർഥികൾക്ക് സന്തോഷ വാർത്ത! പാഠപുസ്തകത്തിന്റെ ഭാരം കുറയ്ക്കും; ക്വാർട്ടർലിയായി പുസ്തകത്തിൻ്റെ കട്ടി കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പാഠപുസ്തകത്തിന്റെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഭാരം കുറക്കുന്നതിനെ പറ്റി ചർച്ചകൾ നടന്നു വരികയാണ്. ക്വാർട്ടർലിയായി പുസ്തകത്തിൻ്റെ കട്ടി കുറയ്ക്കും.അല്ലെങ്കിൽ ഒരു മാസത്തേക്ക് എല്ലാ വിഷയങ്ങളും ഒരു പുസ്തകത്തിൽ ബൈൻഡ് ചെയ്തു ഇറക്കുമെന്നും മന്ത്രി മറുപടി നൽകി.ചാത്തൻകോട്ട്നട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഒരു വിദ്യാർത്ഥി പാഠപുസ്തകത്തിന്റെ ഭാരം കുറയ്ക്കണമെന്ന് ഒരു തുണ്ട് കടലാസിൽ എഴുതി മന്ത്രിക്ക് നൽകുകയായിരുന്നു.
പിന്നാലെയാണ് മന്ത്രിയുടെ മറുപടി.അതേസമയം കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വ്യക്തമായ ചർച്ചകൾ ആവശ്യമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിന്മേൽ മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന് തീരുമാനമെടുക്കാനുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒപ്പുവെച്ചതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി. എല്ലാം കേന്ദ്രത്തിന് അടിയറവ് വെച്ചുകൊണ്ടുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്. അത്തരമൊരു കരാറിൽ ഒപ്പുവെച്ച ശേഷം ഇപ്പോൾ പ്രതിപക്ഷം വർത്തമാനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
മുൻ സർക്കാർ പദ്ധതി മരവിപ്പിച്ചിട്ടില്ല, നീട്ടിവെക്കുകയാണ് ചെയ്തത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ സംരക്ഷിച്ചുകൊണ്ട് തന്നെ ഉചിതമായ തീരുമാനമെടുക്കാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി മുസ്ലീം ലീഗിൽ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് കേവലം മാധ്യമ വാർത്തകൾ മാത്രമാണെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.
പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള നിരവധി ആളുകൾ പാർട്ടിയിലുണ്ട്. എന്നാൽ പരിമിതമായ ആളുകളെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ. അതെല്ലാം പാർട്ടിയാണ് തീരുമാനിച്ചത്. പുറത്തുവരുന്ന വാർത്തകൾ വെറുതെ പൊലിപ്പിച്ചു കാട്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ കാര്യത്തിൽ ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ കോടതിയുടെ അന്തിമ നിർദ്ദേശം വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി



