Latest NewsWorld

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളിയാകാന്‍ അനില്‍ മേനോന്‍; യാത്ര ഇന്ന്

മലയാളിയായ നാസ ആസ്ട്രനോട്ട് ഡോ. അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് യാത്ര. എക്‌സ്‌പെഡിഷന്‍ 75ന്റെ ഭാഗമായാണ് ഡോ അനില്‍ മേനോന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യം. അനിലിന് ഒപ്പം രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളുമുണ്ട്. റഷ്യയുടെ സോയൂസ് എംഎസ് 29 പേടകത്തിലാണ് സംഘം യാത്ര തിരിക്കുക.

എട്ട് മാസമാണ് ഇവര്‍ ബഹിരാകാശ നിലയത്തില്‍ കഴിയുക.ഡോക്ടറും എഞ്ചിനീയറുമായ അനില്‍ മേനോന്റെ കുടുംബവേരുകള്‍ പാലക്കാടാണുള്ളത്. പിതാവ് ശങ്കരന്‍ മേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. എന്‍ജിനീയറിങ്ങിലും മെഡിസിനിലും ബിരുദം നേടിയ ശേഷം അനില്‍ യുഎസ് സ്പേസ് ഫോഴ്സില്‍ കേണലായി പ്രവര്‍ത്തിച്ചിരുന്നു. എമര്‍ജന്‍സി മെഡിസിനിലാണ് അദ്ദേഹം പ്രാഗത്ഭ്യം നേടിയിട്ടുള്ളത്.

ഫ്ലൈറ്റ് സര്‍ജനായി 2014ലാണ് അദ്ദേഹം നാസയില്‍ ചേരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് വൈദ്യസഹായം നല്‍കുന്നത് ഉള്‍പ്പെടെയാണ് അനില്‍ മേനോന്റെ പ്രധാനപ്പെട്ട ചുമതല.

അനില്‍ മേനോന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ ചരിത്രത്തില്‍ സ്വന്തം ഇടം നേടിയിട്ടുണ്ട്. സ്വകാര്യ ബഹിരാകാശ ദൗത്യമായ പോളാരിസ് ഡോണ്‍ ദൗത്യസംഘത്തിലെ അംഗമായിരുന്ന അന്ന, ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കുള്ള മനുഷ്യന്റെ സ്വകാര്യ ബഹിരാകാശ യാത്രയുടെ ഭാഗമായി.അതേസമയം, ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട മിഷന്‍ പൈലറ്റ് പ്രശാന്ത് ബി. നായരും പാലക്കാടുമായി ബന്ധമുള്ള വ്യക്തിയാണ്. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം കുറിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!