HealthLatest NewsLocal news

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയ: ജാഗ്രത പാലിക്കണം


ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തര ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 303 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി എത്തുന്ന തൊഴിലാളികളില്‍ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലയില്‍ പുതുതായി എത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും ജില്ലയില്‍ എത്തി 3 ദിവസത്തിനുള്ളില്‍ സ്‌ക്രീനിംഗ് ചെയ്തു എന്ന് ഏജന്റുമാരും തൊഴിലുടമകളും ഉറപ്പുവരുത്തണം. തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയും സ്‌ക്രീനിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

പനി, വിറയല്‍, തലവേദന, ശരീരവേദന, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന തൊഴിലാളികള്‍ ചികിത്സ വൈകിക്കരുത്. ഇത്തരക്കാര്‍ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തണം. രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ നിര്‍ദേശിച്ചിരിക്കുന്ന ചികിത്സ പൂര്‍ണമായി സ്വീകരിക്കണം. മലേറിയ പരിശോധനയും ചികിത്സയും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും പൂര്‍ണമായും സൗജന്യമായി ലഭ്യമാണ്. 3 ദിവസം, 14 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ചികിത്സകൊണ്ട് മലേറിയ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാം. പനിയുള്ളവര്‍ സ്വയം ചികിത്സ ഒഴിവാക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള ചികിത്സ ഉറപ്പുവരുത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ കൊതുകുവല നിര്‍ബന്ധമായും ഉപയോഗിക്കണം. അതിഥി തൊഴിലാളികളെ ജില്ലയിലേക്ക് കൊണ്ടുവരുന്ന വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങളില്‍ എത്തുന്ന അതിഥി തൊഴിലാളികളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പിന് നിര്‍ബന്ധമായും കൈമാറണം.

തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ സാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തണം.
മലേറിയ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയിലുടനീളം ശക്തമായ രോഗനിരീക്ഷണം, ഇതര സംസ്ഥാന തൊഴിലാളികളുടെ സ്‌ക്രീനിംഗ്, കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസം എന്നിവ തുടരുകയാണ്. പൊതുജനങ്ങളും തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ വൈകിക്കാതെ ഉടന്‍ ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കുകയും, മലേറിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായി സഹകരിക്കുകയും ചെയ്യേണ്ടതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!