ദേവികുളം താലൂക്കിൽ ശക്തമായ മഴയും മണ്ണിടിച്ചിലും : അടിമാലിയിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി

ദേവികുളം മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ രാവിലെ മുതൽ ശക്തമായ മഴ പെയ്തു. രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ വെള്ളം കയറുകയും ചെയ്തു. അടിമാലി ഫെഡറൽ ബാങ്ക് ജംഗ്ഷന് സമീപം നിറഞ്ഞ വെള്ളം സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറി. അടിമാലി ലൈബ്രറി റോഡിന് സമീപം ഇരുപതോളം കടകളിലാണ് ഓടകൾ നിറഞ്ഞ വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ വെള്ളം കയറിയത്. ഇതുമൂലം സ്ഥാപന ഉടമകൾക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. ചാറ്റുപാറ സബ് സ്റ്റേഷന്‍ പടിയില്‍ റോഡില്‍ വെള്ളം കയറി. അടിമാലി ഫെഡറൽ ബാങ്കിന് സമീപം ശക്തമായ മഴ പെയ്താൽ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്നതാണെന്നും ഇതിനെതിരെ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ശക്തമായ മഴയെ തുടർന്ന് കൂമ്പൻപാറക്ക് സമീപം കല്ലാറൂട്ടി കത്തിപ്പാറക്ക് സമീപം മണ്ണിടിയും ചെയ്തു. മണ്ണിടിഞ്ഞതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് മണ്ണ് മാറ്റിയതിനുശേഷം ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. മണ്ഡലത്തിലെ മൂന്നാർ മാങ്കുളം ബൈസൺവാലി മേഖലകളിലും രാവിലെ മുതൽ തന്നെ മഴ ശക്തമായി തുടരുന്നു . ഇവിടങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രികാലങ്ങളിൽ മലയോര മേഖലയിൽ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ശക്തമായ മഴക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.



