ചർച്ചകളില്ല, പ്രതിപക്ഷ പ്രതിഷേധങ്ങളെ മറയാക്കി; ബഹളത്തിൽ മുങ്ങിയ സഭയിൽ നിന്ന് കേന്ദ്രം പാസാക്കിയെടുത്തത് 12 ബില്ലുകൾ

പാർലമെന്റിന്റെ വർഷകാല സമ്മേളനം കൊടിയിറങ്ങിയെങ്കിലും അവശേഷിക്കുന്നത് നിരവധി ചോദ്യങ്ങൾ. ക്രിയാത്മകമായ ചർച്ചകൾക്ക് പകരം, ഇത്തവണയും ഇരു സഭകളും ഏറെ സമയവും ബഹളത്തിൽ മുങ്ങി. നീറ്റ് വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം ആവർത്തിച്ച് ഉന്നയിച്ചപ്പോഴും, ചർച്ചകളില്ലാതെ സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കുകയായിരുന്നു കേന്ദ്ര സർക്കാർ.ജൂലൈ 20 ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച വർഷകാല സമ്മേളനത്തിൽ സഭയുടെ ഭൂരിഭാഗം സമയവും പ്രതിഷേധങ്ങളിൽ മുങ്ങി.
നീറ്റ് പരീക്ഷാ വിവാദവും, വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കു നേരെയുണ്ടായ പോലീസ് നടപടിയും പ്രതിപക്ഷം ഇരു സഭകളിലും ശക്തമായ ആയുധമാക്കി. ചോദ്യോത്തര വേള പല ദിവസങ്ങളിലും പൂർണ്ണമായും തടസ്സപ്പെട്ടു. മറുപടി നൽകാതെ സർക്കാരും, പിന്മമാറാതെ പ്രതിപക്ഷവും നിലയുറപ്പിച്ചതോടെ സഭ സ്തംഭിക്കുന്നതാണ് ഓരോ ദിവസവും കണ്ടത്. പ്രതിഷേധങ്ങൾ കാരണം സഭയുടെ പ്രവർത്തനക്ഷമതയിൽ റെക്കോർഡ് തകർച്ചയാണ് ഉണ്ടായത്. പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു തന്നെ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം ലോക്‌സഭ വെറും 19 ശതമാനം സമയം മാത്രമാണ് പ്രവർത്തിച്ചത്. രാജ്യസഭയുടെ പ്രവർത്തനക്ഷമത 39 ശതമാനമാണ്.
എന്നാൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലും തങ്ങളുടെ അജണ്ടകൾ വേഗത്തിൽ നടപ്പിലാക്കുകയായിരുന്നു കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിൽ സുപ്രധാനമായ 12 ബില്ലുകളാണ് ഈ സമ്മേളനത്തിൽ സർക്കാർ പാസാക്കിയെടുത്തത്. ഇതിൽ പല ബില്ലുകളും യാതൊരു ചർച്ചകളുമില്ലാതെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. വെറും 36 മിനിറ്റിനുള്ളിൽ 7 ബില്ലുകൾ വരെ ധൃതിപിടിച്ച് പാസാക്കിയ ദിവസങ്ങളുമുണ്ട്.
ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള ഭേദഗതി ബിൽ, ജമ്മു കാശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ , ഖനി-ധാതു ഭേദഗതി ബിൽ തുടങ്ങി രാജ്യത്തെ നേരിട്ട് ബാധിക്കുന്ന ബില്ലുകൾ യാതൊരു സൂക്ഷ്മ പരിശോധനയും പാർലമെന്ററി കമ്മിറ്റിയുടെ പഠനവും കൂടാതെയാണ് സർക്കാർ പാസാക്കിയത്. വിവാദമായ FCRA ഭേദഗതി ബില്ല് പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യം മറികടന്ന് ജെപിസിക്ക് വിട്ടു. പ്രതിപക്ഷ പ്രതിഷേധങ്ങളെ മറയാക്കി, പല സുപ്രധാന ബില്ലുകളും യാതൊരു ചർച്ചകളുമില്ലാതെ സർക്കാർ പാസാക്കിയത് ജനാധിപത്യ പ്രക്രിയയോടുള്ള കടുത്ത വെല്ലുവിളിയാണെന്ന വിമർശനം ഇതിനോടകം ശക്തമാണ്. വരും ദിവസങ്ങളിൽ ഈ വിഷയങ്ങൾ സഭയ്ക്ക് പുറത്ത് രാഷ്ട്രീയ ആയുധമാക്കാൻ തന്നെയാകും പ്രതിപക്ഷത്തിൻ്റെ നീക്കം



