പാചകവാതക ക്ഷാമം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് പ്രതിസന്ധിയാകുന്നു

അടിമാലി: പാചകവാതക ക്ഷാമം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് പ്രതിസന്ധിയാകുന്നു. ഹോട്ടലുകളെയാണ് ക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. പാചക വാതകമില്ലാതായതോടെ ആനച്ചാലിലടക്കം വിവിധ ഹോട്ടലുകള്‍ അടച്ചു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മറ്റ് ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്ന് കട ഉടമകള്‍ പറയുന്നു.
തുറന്ന് പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം ചുരുക്കി. ചില ഹോട്ടലുകളില്‍ ഉച്ചയൂണ് മാത്രമാണ് ലഭിക്കുന്നത്. അല്‍ ഫാം, ഷവര്‍മ്മ പോലുള്ള വേവ് കൂടിയ വിഭവങ്ങള്‍ പാടെ നിര്‍ത്തി. വിറകിന് വില കൂടിയതിനൊപ്പം ലഭ്യത കുറവുമുണ്ട്. ഹോട്ടലുകള്‍ അടച്ചാല്‍ ഉടമകള്‍ക്കൊപ്പം തൊഴിലാളികളുടെയും വരുമാനം നിലക്കും. ഭക്ഷണ ആവശ്യങ്ങള്‍ക്കായി ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്നവരും പ്രതിസന്ധിയിലാകും.
നിലവില്‍ മൂന്നാറിലേക്കിപ്പോള് കാര്യമായി സഞ്ചാരികള്‍ എത്തുന്നില്ല. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കാരംഭിക്കും. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ വിനോദ സഞ്ചാര മേഖലക്കത് വലിയ തിരിച്ചടിയാകും.



