ഇടുക്കി : പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്. ജില്ലാ ഭരണകൂടം, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്, ശുചിത്വമിഷന്, ഹരിതകേരളം മിഷന് എന്നിവ സംയുക്തമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും തീവ്രശുചീകരണ യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന പ്രവൃത്തികള്‍ എല്ലാവരും നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തണം. പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കണം. ജീവജാലങ്ങളും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ഇടുക്കി ജില്ലയില്‍ പരിസ്ഥിതി സംരക്ഷണത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. കാലാവസ്ഥ വ്യതിയാനം പോലെയുള്ള വെല്ലുവിളികളെ ചെറുക്കാന്‍ പ്രകൃതിയെ പരിപാലിക്കേണ്ടതുണ്ട്. നമ്മുടെ മണ്ണും ജലവും വായുവും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന് വില്‍സണ്‍, ഗ്രാമപഞ്ചായത്തംഗം ടിന്റു സുഭാഷ്, ഡെപ്യൂട്ടി കളക്ടര്‍ സജിത്ത് കരുണ്‍,
ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ ആര്, കളക്ടറേറ്റ് ശിരസ്തദാര്‍ സി.കെ സജീവ് എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാമായി തൈ നടല്‍, പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കല്‍ എന്നിവയും നടന്നു. പൈനാവ് മോഡല്‍ പോളിടെക്നിക്ക് കോളേജിലെ എന്‍. എസ്. എസ് വോളണ്ടിയര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



