
മുന്നാർ : ദേവികുളം ഫാക്ടറി ഡിവിഷനിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പയുടെ സാന്നിധ്യം. സമീപത്തെ തോട്ടംമേഖലയിൽ ചുറ്റിനടന്ന ആന, തൊഴിലാളിയായ അയ്യപ്പന്റെ വീടിന് സമീപം ഏറെ നേരം നിലയുറപ്പിച്ചു. വിവരമറിഞ്ഞെത്തിയ വനംവകുപ്പിന്റെ ആർആർടി സംഘം ആനയെ വനത്തിലേക്ക് തുരത്തി.
കഴിഞ്ഞ കുറച്ച് നാളുകളായി സൈലന്റ് വാലി എസ്റ്റേറ്റിൽ തമ്പടിച്ചിരുന്ന പടയപ്പ വ്യാപകമായ നാശനഷ്ടം വരുത്തിയിരുന്നു. അവിടെ നിന്ന് തുരത്തിയ ശേഷമാണ് ഇപ്പോൾ ദേവികുളം മേഖലയിലേക്ക് എത്തിയത്.
പകൽ സമയത്തുപോലും തോട്ടംമേഖലയിലും തൊഴിലാളികളുടെ വീടുകൾക്ക് സമീപവും പടയപ്പ ഇറങ്ങുന്നത് പ്രദേശവാസികളിലും തോട്ടം തൊഴിലാളികളിലും കടുത്ത ആശങ്കയുണ്ടാക്കുകയാണ്.



