ഏലത്തോട്ട ഭൂമികള്‍ റവന്യൂ ഭൂമിയാണെന്ന കാര്യത്തില്‍ വകുപ്പിന് തര്‍ക്കമില്ല: മന്ത്രി എ.പി. അനില്‍കുമാര്‍

ഏലത്തോട്ട ഭൂമികള്‍ റവന്യൂ ഭൂമിയാണെന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന് യാതൊരു തര്‍ക്കവുമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. പുളിയന്മല പ്ലാന്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാര്‍ഡമം കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏലത്തോട്ട ഭൂമിയുമായി ബന്ധപ്പെട്ട് വനം വകുപ്പിനുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപടിയെടുക്കും. ഏലം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നുള്ള പ്രഖ്യാപനം പ്രാവര്‍ത്തികമാക്കും എന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള വിളകള്‍ക്ക് പുറമേ വിദേശ പഴങ്ങള്‍ ഉള്‍പ്പെടെ കൃഷി ചെയ്യുവാന്‍ അനുവദിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കും. ടൂറിസം മേഖലയിലുള്ള സാധ്യത കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ തോട്ടം ഭൂമികള്‍ എങ്ങനെ വിനിയോഗിക്കാം എന്ന് സര്‍ക്കാര്‍ ആലോചിക്കും. ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള സുപ്രീംകോടതിയുടെ സ്റ്റേ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വനം, റവന്യൂ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ത്ത് സ്റ്റേ നീക്കുവാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഏലം കുത്തകപ്പാട്ട ഭൂമിയുടെ കരം വാങ്ങാതെ അത്തരം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിക്കുമോ എന്ന് ആശങ്ക പെടുന്നുണ്ടെങ്കിലും അത്തരം യാതൊരു നീക്കവും ഉണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു.
പുളിയന്‍മല ഗ്രീന്‍ ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ക്ലേവില്‍ എംഎല്‍എമാരായ റോയി കെ. പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, തമിഴ്‌നാട് കമ്പം എംഎല്‍എ ജഗന്നാഥ് മിശ്ര,
തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക്, പ്ലാന്റേഴ്സ് ക്ലബ്ബ് പ്രസിഡന്റ് സിബി എബ്രഹാം സെക്രട്ടറി റോബി ജോസഫ് നിയമവിദഗ്ധര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിഎച്ച്ആര്‍ മേഖലയുമായി ബന്ധപ്പെട്ട നിയമപരമായ അവ്യക്തതകള്‍, നിയമഭേദഗതികളുടെ ആവശ്യകത, ഏലം പട്ടയഭൂമിയിലെ നിര്‍മാണ നിരോധനം, കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിലെ തടസങ്ങള്‍, കുത്തകപ്പാട്ട ഭൂമി പുതുക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയായി.
എംസി ബോബന്‍ മോഡറേറ്റര്‍ ആയി. കെ എസ് ഫ്രാന്‍സിസ് ഷൈന്‍ വര്‍ഗീസ് പി ആര്‍ സന്തോഷ് എന്നിവര്‍ വിഷയ അവതരണം നടത്തി.



