അടിമാലി കാംകോ- കോയിക്കക്കുടി റോഡിലെ മെറ്റൽകൂന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും വിലങ്ങുതടിയായി…

അടിമാലി : ദിനംപ്രതി നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളും അടക്കം യാത്ര ചെയ്യുന്ന റോഡാണ് അടിമാലി കാംകോ- കോയിക്കക്കുടി റോഡ്. റോഡിന്റെ ഒരു ഭാഗത്ത് മെറ്റലും പാറപ്പൊടിയും പ്രദേശത്തുകൂടി കടന്നുപോകുന്ന ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അടിമാലി പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ അലംഭാവത്തിൽ ആയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും ദുരി തമായി മാറുകയാണ്. പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുള്ള റോഡിൽ 6 മാസങ്ങൾക്കു മുൻപാണ് ഓട നിർമാണത്തിന്റെ ഭാഗമായി മെറ്റലും അനുബന്ധ സാമഗ്രികളും ഇറക്കിയിട്ടത്. വാഹനാപകടങ്ങൾ വർധിച്ചതോടെ ഇവിടെ നിന്ന് ഇവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർക്കു നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇതുവഴിയുള്ള സുഗമമായ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ മെറ്റൽ കുന മുടിക്കിടന്നിരുന്ന മുൾപ്പടർപ്പ് തൊഴിലാളികൾ വെട്ടിമാറ്റിയിട്ടുണ്ട്. ഇതിനിടെ മെറ്റൽ കൂനയ്ക്ക് എതിർ വശത്തായി വൈദ്യുത ബോർഡ് അധികൃതർ കോൺക്രീറ്റ് വൈദ്യുതത്തൂണുകൾ സ്റ്റോക്ക് ചെയ്തതോടെ പ്രശ്നങ്ങൾ സങ്കീർണമാകുകയാണ്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കം യാത്ര ചെയ്യുന്ന റോഡിൽ ഇറക്കിയിരിക്കുന്ന മെറ്റൽ കൂനകൾ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



