ഇടുക്കി ശാന്തൻപാറയിൽ അതിക്രൂര കൊലപാതകം : മധ്യവയസ്കയെ വീടിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ശാന്തൻപാറ ചേരിയാർ സ്വദേശിയായ റാണി (55) എന്ന മധ്യവയസ്കയെ വീടിന് സമീപം അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശരീരത്തിൽ നിന്ന് തല വേർപെട്ട നിലയിലും ഒരു കൈയുടെ മുട്ടിനു താഴെ ഭാഗത്ത് ദശ ഇല്ലാത്ത നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
ചേരിയാറിലെ വീട്ടിൽ റാണി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ അയൽവാസി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന് സമീപം മൃതദേഹം കണ്ടത്.
വീടിന്റെ സമീപത്തുനിന്ന് ചോരപ്പാടുകളും റാണിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പകൽ നാട്ടുകാർ റാണിയെ ചേരിയാർ കവലയിൽ വെച്ച് കണ്ടിരുന്നു. പിന്നീട് ഇവർ തിരികെ വീട്ടിൽ എത്തിയപ്പോഴോ രാത്രിയിലോ ആകാം കൊലപാതകം നടന്നതെന്നാണ് വിലയിരുത്തൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ സമീപത്തു താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



