GNA യിൽ നിന്ന് തത്കാലം വൈദ്യുതി വാങ്ങില്ലെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ഇടപെടാം; മന്ത്രി സണ്ണി ജോസഫ്

ജിഎൻഎയിൽ നിന്ന് തത്കാലം വൈദ്യുതി വാങ്ങില്ലെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഉദ്യോഗസ്ഥർ തന്നെ വന്ന് കണ്ട് കാര്യങ്ങൾ അറിയിക്കണമെന്ന് നിർബന്ധവുമില്ല. ഒക്ടോബർ മുതൽ മെയ് വരെ ഹിമാചലിൽ നിന്നുള്ള വൈദ്യുതി കിട്ടിയാൽ പ്രതിസന്ധി ഉണ്ടാവില്ല എന്ന വിലയിരുത്തലിലാണ് ഹിമാചൽ വൈദ്യുതിക്കായി ഫയൽ നീക്കിയത്. കെഎസ്ഇബിയുടെ തെറ്റായ വ്യാഖ്യാനത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്നതിൽ തനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ബോർഡ് ചെയർമാനുമായും ഊർജ്ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് താൻ മനസ്സിലാക്കിയത്. മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ആവശ്യനുസരണം ഇടപെടാം. മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുമായി താൻ ഒരുപാട് വട്ടം ദീർഘനേരം സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബറിൽ നമ്മൾ പിടിച്ചുനിന്നത് ഹിമാചലിൽ നിന്നുള്ള വൈദ്യുതി കിട്ടിയത് കൊണ്ടാണെന്ന് അദേഹം കൂട്ടിച്ചേർത്തു.
രണ്ട് മാസത്തേക്ക് വൈദ്യുതി ക്ഷാമം ഇല്ലെന്ന് കെഎസ്ഇബി അറിയിച്ചതോടെയാണ് ജിഎൻഎയിൽ നിന്ന് സർക്കാർ പിന്മാറ്റം. നവംബറിൽ പവർകട്ട് വേണ്ടിവരുമെന്ന് മുൻ ചെയർമാൻ എം ജി രാജമാണിക്യം തെറ്റിദ്ധരിപ്പിക്കാൻ ഇടയായതിനെ കുറിച്ച് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. എം.ജി.രാജമാണിക്യം തെറ്റിദ്ധരിപ്പിച്ചു എന്ന നിലയിലാണ് പരിശോധന.GNA എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് വിവാദമായതിന് പിന്നിൽ രാജമാണിക്യത്തിന്റെ പങ്കുണ്ടോയെന്ന സംശയവും പരിശോധനയ്ക്ക് പിന്നിലുണ്ട്



