
അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിലെ 16 17 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ചുറ്റിയാപടി , മൂകാംബിക നഗർ പാലം. ഈ പാലത്തിന്റെ തൂണുകളിലാണ് രാവിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം അടിഞ്ഞുകൂടി പുഴയുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തിയത് . നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാംസ മാലിന്യങ്ങളും തുണികളുമാണ് പാലത്തിന്റെ തൂണുകളിൽ തങ്ങിനിന്നത്. തുടർന്ന് മെമ്പർമാരായ ഷെയർലി ജോസഫ് , ജോസ്ന ജോസ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ശക്തമായ മഴയെ തുടർന്ന് പുഴയിലൂടെ ഒഴുകിയെത്തിയ ഇല്ലിക്കഷ്ണങ്ങളാണ് പാലത്തിന്റെ തൂണുകളിൽ തടഞ്ഞുനിന്ന് മാലിന്യങ്ങൾ അടിഞ്ഞു കൂടാൻ കാരണമായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിന് സമീപമുള്ള ഓടകളിലും തോടുകളിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തോടുകളിലേയ്ക്ക് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയത് . തോട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു .



